ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍; ബൈഡന്‍ ഭരണകൂടം

വാഷിംഗ്ടണ്‍:ഇന്ത്യയോടുള്ള നയം വ്യക്തമാക്കി അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തില്‍ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാന്‍ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കാന്‍ ഏറെ വഴികളുണ്ട്. ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരണത്തിന്റെ മികച്ച ചരിത്രമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊര്‍ജ, സാങ്കേതിക വിദ്യ വിഷയങ്ങളില്‍ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ മേഖലയിലെ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈഡനുമായി നല്ല ബന്ധം ഉറപ്പിക്കാനുള്ള നീക്കം നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. പാകിസ്ഥാനോടും ചൈനയോടും അമേരിക്കയുടെ അടിസ്ഥാന നയം മാറില്ലെങ്കിലും ജമ്മുകശ്മീര്‍ വിഷയത്തില്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് ബൈഡന്‍ സ്വീകരിച്ചേക്കാം. വാഷിംഗ്ടണിലെ അക്രമത്തില്‍ കൃത്യമായ നിലപാട് പ്രഖ്യാപിച്ച് നരേന്ദ്ര മോദി ഇന്ത്യയുടെ നയം മാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു.

ട്രംപും മോദിയുമായുള്ള നല്ല ബന്ധം ഇനി ചരിത്രമാണ്. പുതിയ ഭരണകൂടവുമായി നല്ല ബന്ധമുണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ സര്‍ക്കാരിനെ കാത്തിക്കുന്നത്. ജോ ബൈഡനുമായി മോദി സംസാരിച്ചു. കമല ഹാരിസിന് അഭിനന്ദനം അറിയിച്ചു. ഇതുവരെയുള്ള നയങ്ങളിലും ബൈഡന്‍ ഇന്ത്യയോട് തെറ്റുമെന്ന സൂചന നല്കിയിട്ടില്ല. ബരാക്ക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടായിരത്തി പതിമൂന്നില്‍ ഇന്ത്യയിലെത്തിയ ബൈഡന് രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലുണ്ടാക്കിയ ബന്ധം നന്നായി അറിയാം.

ഒസാമ ബിന്‍ ലാദനെ അബോട്ടാബാദിലെത്തി അമേരിക്ക വധിക്കുമ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. അതിനാല്‍ ഭീകരവാദത്തിനുള്ള പാക് പിന്തുണയെക്കുറിച്ച് ബൈഡനോട് ആരും പറയേണ്ടതില്ല. എന്നാല്‍ താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനോട് കടുത്ത നയം പ്രതീക്ഷിക്കേണ്ടതില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ നിലപാടില്‍ അമേരിക്കയെ കൂടെ നിറുത്താനാവും മോദിയുടെ ശ്രമം. ചൈനയ്‌ക്കെതിരെ സഖ്യകക്ഷികളെ എല്ലാം കൂടെ നിറുത്തി നയം രൂപീകരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ വ്യക്തിപരായ നിലപാടിനെക്കാള്‍ ബൈഡന്റെ ഈ പൊതുനയം ഗുണം ചെയ്യും എന്ന് വിദേശകാര്യമന്ത്രാലയം കരുതുന്നു.

എച്ച് വണ്‍ ബി വിസയുടെ കാര്യത്തില്‍ കൂടുതല്‍ ഉദാരമായ നിലപാട് ബൈഡന്‍ സ്വീകരിക്കുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്‍പ്പടെ കാര്യമായ ഇടപെടല്‍ നടത്താതെ ഡോണാള്‍ഡ് ട്രംപ് മാറി നിന്നിരുന്നു. എന്നാല്‍ ജോ ബൈഡന്‍ ഭരണകൂടം ഇതേ മൗനം തുടരണമെന്നില്ല. റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ ആയുധ ഇടപാടുകള്‍ക്ക് പ്രത്യേക ഇളവു നല്കാന്‍ ഇനി അമേരിക്ക തയ്യാറാകുമോ എന്ന ആശങ്കയും സൗത്ത് ബ്‌ളോക്കില്‍ പ്രകടമാണ്.

Top