‘എ സാറ്റ്’; മലിനീകരണത്തിന് സാധ്യതയെന്ന് അമേരിക്ക, ആശങ്ക വേണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഉപഗ്രഹവേധ പരീക്ഷണത്തില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി എത്തിയ അമേരിക്കയ്ക്കു മറുപടിയുമായി ഇന്ത്യ. പരീക്ഷണം ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാകുമെന്നാണ് അമേരിക്ക പറയുന്നത്.

എന്നാല്‍, പരീക്ഷണത്തിലെ അവശിഷ്ടങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഇന്ത്യ അറിയിച്ചു. അന്തരീക്ഷത്തിലെ താഴ്ന്ന ഓര്‍ബിറ്റിലാണ് പരീക്ഷണം നടത്തിയതെന്നും ബഹിരാകാശം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കുവാനുള്ള ഇടമാണെന്നും പരീക്ഷണത്തില്‍ ഉണ്ടായ 250 ചെറു ഭാഗങ്ങളെ നിരീക്ഷിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അറിയിച്ചത്. ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതില്‍ മിഷന്‍ ശക്തി വിജയിച്ചു. മൂന്ന് മിനിറ്റില്‍ ഇന്ത്യ വിജയം കണ്ടു, എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്, അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യയ്ക്ക് ആക്രമിച്ച് വീഴ്ത്താന്‍ സാധിക്കും. ഇന്ത്യയുടെ കൈവശം ഇന്ന് നിരവധി ഉപഗ്രഹങ്ങളുണ്ട്. പ്രതിരോധ, വാര്‍ത്താവിനിമയ, കാര്‍ഷിക-നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഈ ഉപഗ്രഹങ്ങളുടെയെല്ലാം സുരക്ഷ ഉറപ്പാക്കാനും ഈ മിഷന്‍ കൊണ്ട് സാധിക്കും. ഇത് രാജ്യത്തിന് പുതിയ ശക്തി നല്‍കും. അതിനാലാണ് ഇതിന് ‘മിഷന്‍ ശക്തി’ എന്ന പേര് നല്‍കിയത്, പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Top