ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഇശാന്ത് ശര്‍മ്മയെ മിസ് ചെയ്യുമെന്ന് അജിങ്ക്യ രഹാനെ

അഡ്‌ലെയ്ഡ്: ഡിസംബർ 17നു ആരംഭിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ടീമിലെ സീനിയര്‍ പേസര്‍ എന്ന നിലയിൽ ഇശാന്ത് ശര്‍മ്മയെ മിസ് ചെയ്യുമെന്ന് ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യ രഹാനെ. എന്നാല്‍ ഇന്ത്യന്‍ ബൗളിംഗ് നിര ശക്തമാണെന്നും പേസര്‍മാരായ ഉമേഷ് യാദവ്, നവ്‌ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ മികച്ച താരങ്ങളാണെന്നും ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ എങ്ങനെ പന്തെറിയണമെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും രഹാനെ അഭിപ്രായപ്പെട്ടു. പിങ്ക് പന്തില്‍ ഇതൊരു നവീന അനുഭവമാണ്. എന്നാല്‍ 20 വിക്കറ്റും വീഴ്‌ത്താനുള്ള ശേഷി നമുക്കുണ്ട് എന്നാണ് വിശ്വാസം.

അതേസമയം അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇലവനെ തീരുമാനിച്ചിട്ടില്ലെന്നും രഹാനെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നാളെയാണ് തീരുമാനമെടുക്കുക. ഒരു പരിശീലന സെഷന്‍ കൂടി നടക്കാനുണ്ട്. എല്ലാവരും ഒരുപോലെ പ്രതിഭാശാലികളാണ്. ആര് കളിച്ചാലും ടീമിനായി വിജയം കൊണ്ടുവരും. അതിനാല്‍ താരങ്ങളിലുള്ള വിശ്വാസമാണ് പ്രധാനം. സീനിയര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ ചുമതല നിര്‍ണായകമാണ്. അശ്വിന്‍ പരിചയസമ്പന്നനായ താരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ ബൗളറും ബാറ്റ്സ്‌മാനും എന്ന നിലയില്‍ അശ്വിന്‍റെ റോള്‍ അതിനിര്‍ണായകമാകും എന്നും രഹാനെ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റുകളിൽ ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോലിയുടെ അഭാവത്തിൽ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുക എന്നാണ് പ്രതീക്ഷ.

Top