ഇന്ത്യ ടെസ്റ്റിൽ ഒന്നാമത്; കോഹ്‌ലിക്കും റെക്കോർഡ്

സിസി ടെസ്റ്റ് റാങ്കിംഗിൽ ന്യൂസിലാണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. മുംബൈ ടെസ്റ്റിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 124 പോയിന്റാണുള്ളത്. പരമ്പരയ്ക്ക് മുമ്പ് 119 പോയിന്റായിരുന്നു ഇന്ത്യയുടെ പക്കൽ. അതേ സമയം ന്യൂസിലാണ്ടിന് 3 പോയിന്റ് നഷ്ടമായി 121 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കാന്‍പൂരിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം നിഷേധിക്കുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചുവെങ്കിലും രണ്ടാം ടെസ്റ്റിൽ കനത്ത പരാജയം ആണ് ടീം നേരിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലി തിങ്കളാഴ്ച മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.തിങ്കളാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ 372 റൺസിന്റെ വൻ വിജയം നേടിയപ്പോൾ അത് കോഹ്ലിക്ക് ഒരു റെക്കോർഡ് ആയി. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ചുരുങ്ങിയത് 50 മത്സരങ്ങൾ എങ്കിലും വിജയിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി കോഹ്ലി മാറി.

കോഹ്ലിയെ അഭിനന്ദിച്ച് ബി സി സി ഐ ട്വീറ്റ് ചെയ്തു. ടെസ്റ്റിൽ കോഹ്ലിയുടെ 50ആം വിജയമായിരുന്നു ഇത്. ഏകദിനത്തിൽ 153 വിജയങ്ങളും ടി20യിൽ 59 വിജയങ്ങൾ ഇന്ത്യൻ ജേഴ്സിയിൽ കോഹ്ലി നേടിയിട്ടുണ്ട്. വിരാട് കോഹ്‌ലി നയിക്കുന്ന ടീം ഇനി ദക്ഷിണാഫ്രിക്കയിൽ മൂന്ന് ടെസ്റ്റുകൾ കളിക്കും, ഡിസംബർ 26നാണ് പരമ്പര ആരംഭിക്കുന്നത്.

Top