ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇന്ത്യയ്ക്ക്

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തൊട്ട് പുറകെ രണ്ടാം സ്ഥാനത്ത് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ഒന്നാം സ്ഥാത്തുള്ള കോലിക്ക് 871 റേറ്റിംഗ് പോയന്റും രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 855 റേറ്റിംഗ് പോയന്റുമാണുള്ളത്.

829 റേറ്റിംഗ് പോയന്റുമായി പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മൂന്നാം സ്ഥാനത്ത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് 719 റേറ്റിംഗ് പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 701 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ് രണ്ടാം സ്ഥാനത്ത്. അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍ മൂന്നാമതുണ്ട്.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മാത്രമാണുള്ളത്. എട്ടാം സ്ഥാനത്താണ് ജഡേജ. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തുമാണ്. കൊവിഡ് ഇടവേളക്കിടെ ഏകദിന മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ റാങ്കിംഗിലും കാര്യമായ വ്യത്യാസങ്ങളില്ല.

എന്നാല്‍ അടുത്ത ആഴ്ച ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ലോകകപ്പ് സൂപ്പര്‍ സീരീസ് പോരാട്ടം ആരംഭിക്കുന്നതിനാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറാന്‍ അവസരമുണ്ട്. മികച്ച പ്രകടനം പുറത്തെടുത്താല്‍ 11-ാം സ്ഥനത്തുള്ള ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിക്കും 14-ാം റാങ്കിലുള്ള വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോക്കും ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ അവസരം ലഭിച്ചേക്കും. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 23-ാം സ്ഥാനത്താണ്.

Top