INDIA -TODAY-problem-ex bjp government-wrong decision-punishment

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണവും പത്താന്‍കോട്ടിലും ഉറിയിലും ഇന്ത്യന്‍ ജവാന്‍മാരെ കൊലക്കുകൊടുത്തതും കൊടുംഭീകരന്‍ മൗലാന മസൂദ് അസറിനെ മോചിപ്പിച്ച മുന്‍ വാജ്‌പേയി സര്‍ക്കാരിന്റെ വീഴ്ച.

പാര്‍ലമെന്റ് ആക്രമണമടക്കം നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ ജയ്‌ഷെമുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ എന്ന കൊടും ഭീകരനെ മോചിപ്പിച്ച പിഴവിനാണ് ഇന്ത്യ ഇന്ന് കൊടും വില കൊടുക്കുന്നത്.

കാശ്മീരിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇന്ത്യക്കെതിരെ യുദ്ധം നടത്തിയ ഹര്‍ക്കത്ത് ഉല്‍ മുജാഹിദ്ദീന്‍ നേതാവ് മൗലാന മസൂദ് അസറിനെ 1994ല്‍ ഇന്ത്യന്‍ സേന പിടികൂടി ജയിലിലടച്ചിരുന്നു.

ഇന്ത്യക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രം ജയിലിലായതോടെ മസൂദ് അസറിന്റെ മോചനത്തിനായി ഭീകരവാദികള്‍ 1995ല്‍ അഞ്ചു വിദേശ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയി വിലപേശല്‍ നടത്തി.

ഇതു പരാജയപ്പെട്ടതോടെയാണ് 1994 ഡിസംബര്‍ 24ന് നേപ്പാളില്‍ നിന്നും ഡല്‍ഹിയിലേക്കു പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം ഭീകരവാദികള്‍ റാഞ്ചിയത്.

176 യാത്രക്കാരുള്ള വിമാനം താലിബാന്‍ നിയന്ത്രണത്തിലുള്ള കാണ്ഡഹാറില്‍ ഇറക്കി മൗലാന മസൂദ്അസര്‍ അടക്കമുള്ള മൂന്നു കൊടുംഭീകരരുടെ മോചനം ഭീകരര്‍ ആവശ്യപ്പെടുകയായിരുന്നു.

കമാന്‍ഡോ ഓപ്പറേഷന്‍ അടക്കമുള്ള സൈനിക നടപടികള്‍ക്കു മുതിരാതെ ഇന്ത്യ അന്ന് ഭീകരവാദികള്‍ക്കു മുന്നില്‍ കീഴടങ്ങി. വാജ്‌പേയി പ്രധാനമന്ത്രിയായ ബി.ജെ.പി സര്‍ക്കാരിലെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എല്‍.കെ അധ്വാനി അടക്കമുള്ളവര്‍ ചേര്‍ന്നാണ് മസൂദ് അസറിനെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തത്.

മോചിതനായ മസൂദ് അസറിന് പാക്കിസ്ഥാനിലെ കറാച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ പതിനായിരത്തിലേറെപ്പേരാണ് പങ്കെടുത്തത്. ഇന്ത്യയെ തകര്‍ക്കുന്നതുവരെ മുസ്‌ലീങ്ങള്‍ക്ക് വിശ്രമമില്ലെന്നു പറയാനാണ് ഞാന്‍ വീണ്ടും ഇവിടെ എത്തിയതെന്നായിരുന്നു മസൂദ് അസറിന്റെ ഇന്ത്യാവിരുദ്ധ പ്രസംഗം.

കാശ്മീരിനെ ഇന്ത്യന്‍ ഭരണത്തില്‍ നിന്നും മോചിപ്പിക്കാതെ വിശ്രമമില്ലെന്നും പ്രഖ്യാപിച്ചു.
പിന്നീട് ജയ്‌ഷെമുഹമ്മദ് എന്ന തീവ്രവാദ ഗ്രൂപ്പ് സ്ഥാപിച്ചാണ് മസൂദ് അസര്‍ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്തിയത്.

2001 ല്‍ ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ആക്രമണം നടത്തി. 2008 ല്‍മുബൈ ഭീകരാക്രമണവും 2016ല്‍ പഞ്ചാബ് പത്താന്‍കോട്ട് സൈനികതാവളത്തിലും ഇപ്പോള്‍ ഉറി താവളത്തിലും ഭീകരാക്രമണം നടത്തി ഇന്ത്യയെ വെല്ലുവിളിച്ചിരിക്കുകയാണ് മസൂദ് അസര്‍.

പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ട 20 കൊടുംഭീകരില്‍ പ്രമുഖനാണ് മസൂദ് അസര്‍. വാജ്‌പേയി സര്‍ക്കാര്‍ മസൂദ് അസറിനെ ജയിലില്‍ നിന്നും മോചിപ്പിച്ചതിന്റെ വിലയാണ് ഇന്ത്യ ഇപ്പോള്‍ നല്‍കുന്നതെന്നതാണ് വിരോധാഭാസം.

മുന്‍ ബിജെപി സര്‍ക്കാരിന്റെ ഈ തെറ്റിനുള്ള ‘പ്രായശ്ചിത്തം’ തീര്‍ച്ചയായും ഇത്തവണ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ ചെയ്യുമെന്നാണ് ബിജെപി-ആര്‍എസ്എസ് അണികള്‍ അടക്കമുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

Top