പ്രകൃതിവാതക കരുതല്‍ ശേഖരം തുടങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രകൃതിവാതകം കരുതിവയ്ക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസര്‍വ്’ ഈ വര്‍ഷം അവസാനത്തോടെ സജ്ജമാക്കാന്‍ പെട്രോളിയം മന്ത്രാലയം. ഇതിനായി കണ്‍സല്‍റ്റേഷന്‍ പൂര്‍ത്തിയാക്കിയ മന്ത്രാലയം വൈകാതെ മന്ത്രിസഭയുടെ അനുമതി തേടും. ലഭ്യത കുറയുമ്പോഴും വില കുതിച്ചുയരുമ്പോഴും ഇന്ത്യന്‍ വിപണിയെ ഇതു കാര്യമായി ബാധിക്കാതെ കരുതല്‍ ശേഖരം ഉറപ്പാക്കാനും വില സ്ഥിരത നല്‍കാനുമാണ് സ്ട്രാറ്റജിക് ഗ്യാസ് റിസര്‍വിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ക്രൂഡ് ഓയില്‍ ഈ രീതിയില്‍ സംഭരിച്ചുവയ്ക്കുന്നതിന് ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡിനു കീഴില്‍ (ഐഎസ്പിആര്‍എല്‍) സംഭരണ കേന്ദ്രങ്ങളുണ്ട്. ആകെ 5.33 ലീറ്റര്‍ ടണ്‍ ക്രൂഡ് ഓയില്‍ ശേഖരത്തിനുള്ള ശേഷി ഇതിനുണ്ട്. സമാന രീതിയില്‍ ഭൂഗര്‍ഭ അറയില്‍ ആയിരിക്കും ഗ്യാസ് റിസര്‍വിന്റെയും സജ്ജീകരണം.

പൊതുമേഖലകളെ ഒന്നിപ്പിച്ചുള്ള സംവിധാനം വേണോ സ്വകാര്യ സ്ഥാപനങ്ങളെ സഹകരിപ്പിക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങളാണു മന്ത്രാലയം ചര്‍ച്ച ചെയ്തത്. നിലവില്‍ ഏറ്റവും വലിയ സ്ട്രാറ്റജിക് റിസര്‍വുള്ളത് യുഎസിനാണ്. യുക്രെയ്ന്‍, റഷ്യ, കാനഡ, ജര്‍മനി, ചൈന എന്നീ രാജ്യങ്ങള്‍ക്കും റിസര്‍വുണ്ട്. ഇന്ത്യയുടെ 85% എല്‍എന്‍ജിയും ഇറക്കുമതിയാണ്. എല്‍എന്‍ജി ഉപയോഗത്തില്‍ ലോകത്തു നാലാമതാണ് ഇന്ത്യ.

Top