ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് അറിയാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടും. ഭീകരരില്‍നിന്ന് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയതിനാലാണിത്.
പത്താന്‍കോട്ടില്‍ സൈന്യം വധിച്ച ഭീകരരില്‍ നിന്നും കണ്ടെത്തിയ ബൈനോക്കുലര്‍ യുഎസ് നിര്‍മ്മിതമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതെങ്ങനെ ലഭിച്ചു എന്നറിയാന്‍ വേണ്ടിയാണ് ഇന്ത്യ യുഎസിന്റെ സഹായം തേടുന്നത്. ഭീകരര്‍ക്ക് അഫ്ഗാനിസ്ഥാന്റേയോ പാകിസ്താനിന്റേയോ സഹായം ലഭിച്ചോ എന്നറിയാന്‍ കൂടിയാണ് ഇന്ത്യ യുഎസിന്റെ സഹായം തേടുന്നത്.
അതേസമയം, ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സെക്രട്ടറിമാര്‍ തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. വ്യോമസേനാ താവള ആക്രമണ പശ്ചാത്തലത്തില്‍ സെക്രട്ടറിതല ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് വേഗത്തില്‍ അന്വേഷണം ആരംഭിക്കണമെന്ന് പാക്കിസ്ഥാനോട് നേരത്തേ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.


