ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരം 90 ദിവസത്തെ ഇറക്കുമതിക്കു തുല്യം; എടുക്കുന്നത് ഇതാദ്യം

petrole

ന്യൂഡല്‍ഹി: യുദ്ധവേളയിലും കടുത്ത ഇന്ധനക്ഷാമം നേരിടുന്ന മറ്റ് അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാന്‍ ഭൂഗര്‍ഭ സംഭരണികളിലാണ് ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരം. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) നിര്‍ദേശ പ്രകാരം അംഗരാജ്യങ്ങള്‍ 90 ദിവസത്തെ ഇറക്കുമതിക്കു തുല്യമായ ക്രൂഡ് ഓയില്‍ ശേഖരിക്കണം. ഇന്ത്യയില്‍ മംഗളൂരു, പദൂര്‍ (കര്‍ണാടക), വിശാഖപട്ടണം (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലാണ് ക്രൂഡ് ശേഖരിച്ചിരിക്കുന്നത്.

എണ്ണ ഇറക്കുമതി പൂര്‍ണമായും നിലച്ചാല്‍ പോലും രാജ്യത്ത് 9.5 ദിവസത്തേക്ക് ആവശ്യമായ ഇന്ധനം സംഭരിക്കാന്‍ കഴിയുന്നവയാണ് ഈ സംഭരണികള്‍. കൂടാതെ 64.5 ദിവസം പിടിച്ചു നില്‍ക്കാനുള്ള ക്രൂഡ് ശേഖരം രാജ്യത്തെ റിഫൈനറികളിലുണ്ട്.

രാജ്യത്ത് രണ്ടിടത്തു കൂടി സംഭരണി നിര്‍മിച്ചു വരികയാണ്; ചന്ദിഖോല്‍ (ഒഡീഷ), പദൂര്‍ (കര്‍ണാടക) എന്നിവിടങ്ങളില്‍. ഇന്ത്യന്‍ ഓയില്‍ ഇന്‍ഡസ്ട്രി ഡവലപ്മെന്റ് ബോര്‍ഡിന്റെ കീഴില്‍ 2005 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസേര്‍വ്‌സ് ലിമിറ്റഡാണ് ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ ചുമതല വഹിക്കുന്നത്. കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ ക്രൂഡ് 7 മുതല്‍ 10 ദിവസങ്ങള്‍ക്കകം മംഗലൂരു റിഫൈനറിക്കും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 3.8 കോടി ബാരലാണ് വിശാഖപട്ടണത്തും മംഗലൂരിലുമായി ഇന്ത്യയുടെ കരുതല്‍ ശേഖരം.

ഇതാദ്യമായാണ് ഇന്ത്യ കരുതല്‍ ശേഖരത്തില്‍നിന്ന് ക്രൂഡ് ലഭ്യമാക്കുന്നത്. 2011ല്‍ ലിബിയയില്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും 2005ല്‍ കത്രീന ചുഴലിക്കാറ്റ് എണ്ണ ഉല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചപ്പോഴും 1991ല്‍ ഇറാഖിനെ ആക്രമിച്ചപ്പോള്‍ എണ്ണ വിപണിയിലുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും യുഎസ് കരുതല്‍ ശേഖരത്തില്‍നിന്ന് ക്രൂഡ് എത്തിച്ചു. വില നിയന്ത്രിക്കാന്‍ കരുതല്‍ ശേഖരത്തില്‍ തൊടുന്നതിന് ജപ്പാന് നിയമപരമായ തടസ്സമുണ്ട്. അതിനാല്‍, നിയമപ്രകാരം ആവശ്യമുള്ള മിനിമം ശേഖരം നിലനിര്‍ത്തി, ബാക്കിയുള്ളത് വിപണിക്കു നല്‍കാനാണ് ജപ്പാന്‍ ആലോചിക്കുന്നത്.

വില നിയന്ത്രണത്തിനായി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യ നേരത്തേ എണ്ണ കയറ്റുമതി രാജ്യങ്ങളോട് (ഒപെക്) ആവശ്യപ്പെട്ടിരുന്നു. യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നതു പരിഗണിക്കുമ്പോള്‍, ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് ഗുണകരമല്ലെന്നാണ് ഒപെക് വാദം.

Top