India to reduce importing electronic products from china

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുന്നു. ഇതിനുവേണ്ടി നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നീതി ആയോഗ് സര്‍ക്കാരിന് സമര്‍പ്പിച്ചു. വന്‍കിട നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രത്യേക വ്യവസായ മേഖല രൂപവല്‍ക്കരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

20,000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ നികുതി ആനുകൂല്യം നല്‍കണം. ഇവര്‍ 100 കോടി ഡോളറെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറുള്ളവരുമാകണം. സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തിയാണ് പ്രത്യേക ഇക്കണോമിക് സോണ്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. 200 മുതല്‍ 250 കിലോമീറ്റര്‍വരെ വിസ്തൃതിയിലായിരിക്കണം പ്രത്യേക കോസ്റ്റല്‍ സോണ്‍ ഉണ്ടാക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിച്ച് രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം തൊഴില്‍മേഖല ശക്തിപ്പെടുത്തുകയെന്നതും പദ്ധതിക്ക് പിന്നില്‍ ലക്ഷ്യമിടുന്നുണ്ട്.

Top