ഡിജിറ്റൽ രൂപ നാളെയെത്തും; 13 നഗരങ്ങളിൽ എട്ടുബാങ്കുകൾവഴി ഇത് അവതരിപ്പിക്കും

മുംബൈ: ചില്ലറ ഇടപാടുകൾക്കായുള്ള റിസർവ് ബാങ്കിന്റെ റീട്ടെയിൽ ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ ഒന്നിന് അവതരിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായി 13 നഗരങ്ങളിൽ എട്ടുബാങ്കുകൾവഴി ഇത് അവതരിപ്പിക്കും.

മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിൽ റീട്ടെയിൽ ഡിജിറ്റൽ രൂപ ആദ്യമെത്തും. രണ്ടാംഘട്ടത്തിലെ പട്ടികയിൽ കൊച്ചിയും ഉൾപ്പെടും. ഡിജിറ്റൽ ടോക്കൺ രീതിയിലുള്ള ഇത് തുടക്കത്തിൽ തിരഞ്ഞെടുത്ത ഗ്രൂപ്പുകൾക്കുള്ളിൽ മാത്രമായിരിക്കും ഉപയോഗിക്കാനാകുക.

തുടക്കത്തിൽ എല്ലാവർക്കുമില്ല

വ്യക്തികൾക്ക് തമ്മിൽ ഇടപാടുകൾ നടത്താൻ കഴിയുന്നതും റിസർവ് ബാങ്ക് പുറത്തിറക്കുന്നതുമായ റീട്ടെയിൽ ഡിജിറ്റൽ രൂപ തുടക്കത്തിൽ എല്ലാവർക്കും ഉപയോഗിക്കാനാകില്ല. തിരഞ്ഞെടുത്ത ഗ്രൂപ്പുകൾക്കുള്ളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ വ്യാപാരികളും ഉപഭോക്താക്കളുമാകും ഗ്രൂപ്പുകളിലുണ്ടാവുക.

ഡിജിറ്റൽ രൂപ സംവിധാനം നടപ്പാക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ കണ്ടെത്താൻ കൂടിയാണ് പരീക്ഷണപദ്ധതിയായി അവതരിപ്പിക്കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കായി ഹോൾസെയിൽ ഡിജിറ്റൽ രൂപ നേരത്തേ ആർ.ബി.ഐ. അവതരിപ്പിച്ചിരുന്നു.

ആദ്യം നാല് നഗരങ്ങളിൽ

മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നാലു നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ രൂപ ലഭിക്കുക. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവയ്ക്കാണ് വിതരണച്ചുമതല.

രണ്ടാംഘട്ടത്തിൽ അഹമ്മദാബാദ്, ഗാങ്‌ടോക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോർ, കൊച്ചി, ലഖ്‌നൗ, പട്‌ന, ഷിംല എന്നീ നഗരങ്ങളിൽ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിങ്ങനെ ബാങ്കുകളുടെ നിരയും വിപുലമാകും.

എങ്ങനെ ഉപയോഗിക്കും

ഡിജിറ്റൽ ടോക്കൺ രൂപത്തിലായിരിക്കും റീട്ടെയിൽ ഡിജിറ്റൽ രൂപയെത്തുക. നിയമപരമായ സാധുത ഉറപ്പാക്കുന്നതാണ് ഈ ഡിജിറ്റൽ നമ്പർ. നിലവിൽ ആർ.ബി.ഐ. പുറത്തിറക്കുന്ന കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും അതേ മൂല്യത്തിലാകും ഡിജിറ്റൽ രൂപയും ലഭ്യമാകുക.

എട്ടു ബാങ്കുകളാണ് പരീക്ഷണ ഘട്ടത്തിൽ റീട്ടെയിൽ ഡിജിറ്റൽ രൂപ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ഈ ബാങ്കുകൾ ഡിജിറ്റൽ വാലറ്റുകൾ അവതരിപ്പിക്കും. ഇതുവഴി ആർക്കും ഡിജിറ്റൽ രൂപ മൊബൈൽ ഫോണിൽ അല്ലെങ്കിൽ ഡിജിറ്റൽ ഉപകരണങ്ങളിൽ സൂക്ഷിക്കാനാകും. വ്യക്തികൾ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലുമുള്ള ഇടപാടുകൾക്ക് ഇതുപയോഗിക്കാം. വ്യാപാരസ്ഥാപനങ്ങളിൽ വെക്കുന്ന ക്യു.ആർ. കോഡ് വഴിയാകും ഇടപാടുകൾ.

സുരക്ഷ

നോട്ടുകൾ പോലെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടാണ് റീട്ടെയിൽ ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്. ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാനും കഴിയും.

അതേസമയം, അക്കൗണ്ടിൽ കറൻസിയിലുള്ള നിക്ഷേപത്തിന്റെ മാതൃകയിൽ ഡിജിറ്റൽ രൂപയ്ക്ക് പലിശ ലഭിക്കില്ല. എന്നാൽ, ബാങ്ക് നിക്ഷേപംപോലെ കറൻസിയായോ മറ്റേതെങ്കിലും രൂപത്തിലുള്ള പണമായോ ഇതു മാറ്റാനാകും.

Top