ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് വെല്ലുവിളി മറികടക്കാന്‍ ഇന്ത്യ; 2 ലക്ഷം കോടിയുടെ പദ്ധതികളുമായി നാവികസേന

ന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് വെല്ലുവിളി മറികടക്കാന്‍ രണ്ടു ലക്ഷം കോടിയുടെ പദ്ധതികളുമായി നാവികസേന. 2035 ആകുമ്പോഴേക്കും നാവികസേനയിലെ പടക്കപ്പലുകളുടെ എണ്ണം ഏറ്റവും കുറഞ്ഞത് 175ലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യന്‍ മഹാസമുദ്രം അടക്കമുള്ള തന്ത്രപ്രധാന സമുദ്ര മേഖലകളില്‍ നിരീക്ഷണവും പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കാന്‍ നാവിക സേനക്ക് ഇതുവഴി സാധിക്കും.

പുതു തലമുറ പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും നിരീക്ഷണ ബോട്ടുകളുമൊക്കെ കൂടുതലായി സേനയുടെ ഭാഗമാക്കാനാണ് പദ്ധതി. ഇതനുസരിച്ച് 2030 ആകുമ്പോഴേക്കും 155-160 പടക്കപ്പലുകള്‍ സേനയുടെ ഭാഗമാക്കാനും 2035നകം പടക്കപ്പലുകളുടെ എണ്ണം 175-200 ആക്കി വര്‍ധിപ്പിക്കാനുമാണ് ശ്രമം. പടക്കപ്പലുകളുടെ എണ്ണത്തില്‍ മാത്രമല്ല പോര്‍വിമാനങ്ങളുടേയും നിരീക്ഷണ വിമാനങ്ങളുടേയും ഡ്രോണുകളുടേയുമെല്ലാം എണ്ണം കൂട്ടേണ്ടതുണ്ട്.

132 പടക്കപ്പലുകളും 143 വിമാനങ്ങളും 130 ഹെലിക്കോപ്റ്ററുകളും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാണ്. എട്ട് പുതു തലമുറ പടക്കപ്പലുകള്‍ക്കും ഒമ്പത് മുങ്ങിക്കപ്പലുകള്‍ക്കും അഞ്ച് നിരീക്ഷണ ബോട്ടുകള്‍ക്കും രണ്ട് വിവിധോദ്ദേശ കപ്പലുകള്‍ക്കുമാണ് പ്രാഥമിക അനുമതിയായ അസപ്റ്റന്‍സ് ഓഫ് നെസിസിറ്റി ലഭിച്ചിരിക്കുന്നത്. തദ്ദേശീയ കപ്പല്‍ നിര്‍മാണ ശാലകളില്‍ നിര്‍മാണത്തിന് പ്രതീക്ഷിച്ച വേഗതയില്ലെന്നതാണ് ഇത്തരം പദ്ധതികളില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രതിസന്ധികള്‍ മറികടന്ന് 2030 ആകുമ്പോഴേക്കും 155-160 പടക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശക്തവും വിപുലവുമായ പദ്ധതികളാണ് അയല്‍ക്കാരായ ചൈന ആവിഷ്‌ക്കരിക്കുന്നത്. സൈനിക താവളങ്ങളുടെ എണ്ണം അടക്കം വിപുലപ്പെടുത്താന്‍ ചൈനയുടെ ജനകീയ വിമോചന സേനയുടെ നാവികസേനക്ക് പദ്ധതിയുണ്ട്. ജിബൗട്ടിയിലും പാകിസ്താനിലെ കറാച്ചിയിലും ഗ്വാദറിലും കംബോഡിയയിലുമെല്ലാം ഇതിനകം തന്നെ ചൈന സൈനിക താവളങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിട്ടുള്ള ചൈനീസ് വിമാനവാഹിനി കപ്പലുകളുടെ എണ്ണത്തിലും വരും വര്‍ഷങ്ങളില്‍ വര്‍ധനവുണ്ടാവും.

ഇന്ത്യന്‍ നാവിക സേനക്കാണെങ്കില്‍ മൂന്നാമത്തെ വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കാനുള്ള പ്രാഥമിക അനുമതി മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. 45,000 ടണ്ണിലേറെ ഭാരമുള്ള ഈ കപ്പലിന്റെ നിര്‍മാണത്തിനു തന്നെ പത്തു വര്‍ഷത്തിലേറെ എടുക്കും. നിലവില്‍ നിര്‍മാണം അവസാനഘട്ടത്തിലുള്ള ഐഎന്‍എസ് വിക്രാന്ത് പൂര്‍ണ സജ്ജമാവാന്‍ കമ്മീഷനിങ് ചെയ്ത് ഒരു വര്‍ഷം വേണ്ടി വരും.

സമുദ്രാന്തര്‍ ഭാഗത്തെ സൈനിക ശേഷിയുടെ കാര്യത്തിലും ഇന്ത്യക്ക് വെല്ലുവിളികളുണ്ട്. ആറ് ഡീസല്‍- വൈദ്യുത മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്ന പ്രൊജക്ട് 75 ഇന്ത്യ പദ്ധതി വൈകുകയാണ്. 42,000 കോടി രൂപയിലേറെ ചിലവു വരുന്നതാണിത്. ഇതിനു പുറമേ മൂന്ന് ഫ്രഞ്ച് നിര്‍മിത സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ക്കും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് 23,000 കോടിയിലേറെ ചിലവുള്ള പദ്ധതിയാണ്.

പ്രൊജക്ട് 17എ പദ്ധതിയുടെ ഭാഗമായി ഏഴ് 6,670 ടണ്‍ ഭാരമുള്ള പടക്കപ്പലുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ നിര്‍മിക്കുന്ന നാല് എംഡിഎല്‍, മൂന്ന് ജിആര്‍എസ്ഇ എന്നിവക്കൊക്കെ കൂടി 45,000 കോടിയിലേറെ രൂപയുടെ ചിലവു വരും. 2024നും 2026നും ഇടയില്‍ ഇവ സേനയുടെ ഭാഗമാവും.

35,000 കോടിയിലേറെ ചിലവു വരുന്ന പ്രൊജക്ട് 15ബി പ്രകാരം ഐഎന്‍എസ് വിശാഖപ്പട്ടണവും ഐഎന്‍എസ് മുര്‍മ്ഗാവും മുംബൈയിലെ എം.ഡി.എല്ലില്‍ ഒരുങ്ങുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡിന് അഞ്ച് 44,000 ടണ്‍ ഭാരമുള്ള അഞ്ചു കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയതും അടുത്തിടെയാണ്. ഈ കപ്പലുകള്‍ അടുത്ത നാലു വര്‍ഷത്തിനകം നാവികസേനയുടെ ഭാഗമാവും.

കൊച്ചി കപ്പല്‍ശാലയിലാണ് ആറ് പുതു തലമുറ മിസൈല്‍ വാഹക ശേഷിയുള്ള പടക്കപ്പലുകള്‍ നിര്‍മിക്കുന്നത്. 2027 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാവുന്ന ഇവയുടെ നിര്‍മാണത്തിന് 9,805 കോടി ചിലവു വരും. 11 പുതുതലമുറ നിരീക്ഷണ കപ്പലുകളില്‍ ഏഴെണ്ണം ഗോവയിലും നാലെണ്ണം കൊല്‍ക്കത്തയിലുമാണ് നിര്‍മിക്കുക. 9,781 കോടി രൂപ ചിലവു വരുന്ന ഈ പദ്ധതിയിലെ കപ്പലുകളുടെ നിര്‍മാണം 2026 സെപ്തംബറിനുള്ളില്‍ പൂര്‍ത്തിയാവും.

Top