ചൈനക്ക് ഇനി ചങ്കിടിക്കും, ഇന്ത്യയുടെ സേനാ വിന്യാസത്തിന് വേഗത കൂടും . . !

ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യന്‍ സൈനിക നീക്കത്തിന് കരുത്ത് പകര്‍ന്ന് ബോഗിബീല്‍ പാലം.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഈ റെയില്‍-റോഡ് പാലം ജനങ്ങളുടെ യാത്രാ സൗകര്യത്തിനും ഏറെ ഫലപ്രദമാണ്. ബ്രഹ്മപുത്ര നദിക്കു കുറുകെ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോഗിബീല്‍ പാലത്തിന് 4.94 കിലോമീറ്ററാണ് നീളം. അരുണാചലുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല കൂടിയാണ് ധേമാജി.

ഏറെ കാലമായി ചൈന അരുണാചലിനായി അവകാശവാദം ഉന്നയിച്ചു വരികയാണ്. ദോക് ലാം സംഘര്‍ഷ സമയത്തും ഈ ആവശ്യം ചൈനീസ് മാധ്യമങ്ങളില്‍ സജീവമായിരുന്നു.

അരുണാചല്‍ ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രതിരോധ സംവിധാനം ശക്തമാക്കാനും സൈനിക വാഹനങ്ങള്‍ക്ക് പെട്ടന്ന് തന്നെ എത്താനും ഈ പാലം ഇനി ഇന്ത്യന്‍ സേനക്ക് ഏറെ പ്രയോജനമാകും.

പാലം തുറന്നുകൊടുത്താല്‍ അസമിലെ ടിന്‍സുക്യയില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്ക് ട്രെയിനിലുള്ള യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറയും.

ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ രണ്ട് തട്ടുകളായിട്ടായിരുന്നു പാലം നിര്‍മ്മിച്ചത്. താഴത്തെ തട്ടില്‍ ഇരട്ട റെയില്‍ പാതയും മുകളില്‍ മൂന്ന് വരി റോഡുമാണ് ഉള്ളത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ ധേമാജിയില്‍ നിന്ന് ദീബ്രുഗഡിലേക്കുള്ള ദൂരം 500ല്‍ നിന്ന് 100 കിലോമീറ്ററായി ഇനി കുറയുകയും ചെയ്യും. ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നു പോകാനുള്ള കരുത്തും പാലത്തിനുണ്ട്.

ഫണ്ടിന്റെ അപര്യാപ്തത ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ 1997ല്‍ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ബോഗിബീല്‍ പാലം 21 വര്‍ഷത്തിന് ശേഷമാണ് പണി പൂര്‍ത്തിയാക്കിയത്. 1997ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ തറക്കല്ലിടുന്ന സമയത്ത് 1,767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. ഇടയ്ക്ക് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിന്നു പോകുകയും 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബോഗിബീല്‍ പാലം ദേശീയ പദ്ധതിയായി ഉയര്‍ത്തി കൊണ്ടു വരികയായിരുന്നു.

2014 ആയപ്പോഴേക്കും നിര്‍മ്മാണച്ചെലവ് 3230 കോടിയായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ വീണ്ടും 2600 കോടിയുടെ ആവശ്യം വേണ്ടി വന്നു.

2002ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി ആയിരുന്നു നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തിരുന്നത്. ബോഗിബീല്‍ പാലം 5920 കോടി രൂപ മുതല്‍ മുടക്കിലാണ് പണി പൂര്‍ത്തീകരിച്ചത്.

ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തും വലിയ ഭീഷണിയാണ് ചൈനയും പാക്കിസ്ഥാനും. ഈ രണ്ടു രാജ്യങ്ങള്‍ ഒഴികെ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ്. പോരാളികളുടെ കൊച്ചു നാടായ വിയറ്റ്‌നാമും ഇതില്‍പ്പെടും.

ഒരേ സമയം രണ്ട് ശത്രുക്കളെ നേരിടേണ്ട ശക്തി ഇന്ത്യന്‍ സേന കൈവരിച്ചിട്ടുണ്ടെന്നാണ് സൈനിക മേധാവി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിലൂടെ ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖത്തേക്ക് നീളുന്ന ചൈനയുടെ സാമ്പത്തിക ഇടനാഴി ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എളുപ്പത്തില്‍ ഈ പാത വഴി സൈനിക നീക്കത്തിനു സാധിക്കുമെന്നതാണ് ഇന്ത്യയുടെ ആശങ്കക്കു കാരണം.

ഇത്തരം നീക്കങ്ങളെ കൂടുതല്‍ പ്രതിരോധിക്കാന്‍ മാത്രമല്ല ചൈനയെ മുള്‍മുനയില്‍ നിര്‍ത്താനും ബോഗിബീല്‍ പാലം ഉള്‍പ്പെടെ ഇന്ത്യന്‍ സേനക്ക് ഉപയോഗപ്രദമാകും.

indo_china1

അടുത്തയിടെ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച അഗ്‌നി5 മിസൈല്‍ ചൈനയെ പൂര്‍ണ്ണമായും പരിധിയിലാക്കുന്നതാണ്. അതായത് ഏത് സാഹചര്യത്തിലും ഇന്ത്യയുമായി ചൈനയോ പാക്കിസ്ഥാനോ ഒരു യുദ്ധത്തിനു തയ്യാറായാല്‍ വലിയ നാശം അവര്‍ക്കും ഉണ്ടാകുമെന്ന കാര്യവും ഉറപ്പാണ്.

സാമ്പത്തികമായി മുന്നേറി കൊണ്ടിരിക്കുന്ന ചൈനയെ സംബന്ധിച്ച് ഇന്ത്യയുമായി ഒരു യുദ്ധം ആത്യന്തികമായി അവര്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ കാരണവും ഈ യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ അത് രണ്ട് രാജ്യങ്ങളെ സംബന്ധിച്ചും ആത്മഹത്യാപരമായിരിക്കുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ചൈനയുമായി വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ട അമേരിക്ക ആത്യന്തികമായി ആഗ്രഹിക്കുന്നത് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടാകണമെന്ന് തന്നെയാണ്. രണ്ടു രാജ്യങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്നതിന് കഴുകന്‍ കണ്ണുകളുമായാണ് അമേരിക്ക കാത്ത് നില്‍ക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തും വിശ്വസിക്കാവുന്ന ശക്തരായ പങ്കാളി റഷ്യയാണ്. സോവിയറ്റ് യൂണിയന്റെ കാലം തൊട്ട് ഇന്ത്യക്കൊപ്പം അടിയുറച്ച് നില്‍ക്കുന്ന രാജ്യമാണിത്.

മുന്‍പ് ഇന്ത്യാ പാക്ക് യുദ്ധകാലത്ത് പാക്കിസ്ഥാനെ സഹായിക്കാന്‍ വന്ന അമേരിക്കന്‍ പടകപ്പലുകളെ തടഞ്ഞ് തിരിച്ചു വിട്ടത് സോവിയറ്റ് യൂണിയന്റെ പടകപ്പലുകളായിരുന്നു. ഇന്ത്യന്‍ സൈനിക ശക്തിയുടെ പ്രധാന കുന്തമുന തന്നെ റഷ്യന്‍ ആയുധങ്ങളാണ്.

Top