ചൈനയ്ക്ക് വീണ്ടും തിരിച്ചടി; ഇരുപതോളം ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയ്ക്ക് വീണ്ടും തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. ചൈനീസ് ഇറക്കുമതി ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചില സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും.

വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള ശുപാര്‍ശ ഇപ്പോള്‍ ധനമന്ത്രാലയത്തിനു മുന്നിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തുതന്നെ നിരക്കു വര്‍ധന സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.

ചൈനയെ മാത്രം ലക്ഷ്യമിട്ടുള്ള ഒരു തീരുമാനമായിരിക്കില്ല ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ചൈനയില്‍ നിന്നും വന്‍തോതില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാനും ലക്ഷ്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള വിയറ്റ്നാം, തായ്ലന്‍ഡ് തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് അടുത്തിടെയായി ഇറക്കുമതി വര്‍ധിക്കുകയാണ്. ഈ രാജ്യങ്ങളെ ഉപയോഗിച്ച് ചൈന നിയന്ത്രണമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ടയര്‍, ടിവി സെറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് വാണിജ്യമന്ത്രാലയം ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയിലേക്കുള്ള ചൈനയുടെ കടന്നു കയറ്റത്തിനു പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ടിക് ടോക് ഉള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. കൂടാതെ, ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി എന്ന വ്യവസ്ഥ നടപ്പാക്കുകയും ചെയ്തു. സര്‍ക്കാര്‍ കരാറുകള്‍ക്കു വേണ്ടി ശ്രമിക്കുന്ന ചൈനീസ് കമ്പനികള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയും നടപ്പാക്കിയിട്ടുണ്ട്.

Top