അമേരിക്കയ്ക്ക് ഇന്ത്യയുടെ തിരിച്ചടി; 29 ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി ചുമത്താനൊരുങ്ങുന്നു

വാഷിംഗ്ടണ്‍: അമേരിക്കയുടെ 29 ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനൊരുങ്ങി ഇന്ത്യ. ബദാം, വാള്‍നട്ട്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുക . ഇന്ത്യയുടെ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയ അമേരിക്കയ്ക്ക് മറുപടിയായാണ് ഈ തീരുമാനം. ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദ രാജ്യ പദവിയും എടുത്ത് കളഞ്ഞിരുന്നു. വര്‍ധിപ്പിച്ച നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതിയുമാണ് വര്‍ധിപ്പിച്ചത്. 16746.84 കോടി രൂപയുടെ അധിക കയറ്റുമതിച്ചെലവ് ഇതുമൂലം ഇന്ത്യക്കുണ്ടായി. ഇതിന് മറുപടിയായി അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചു.

എന്നാല്‍ കഴിഞ്ഞ ജൂണിലെടുത്ത ആ തീരുമാനം ഇതുവരെയും നടപ്പാക്കിയിരുന്നില്ല. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ ജയ്ശങ്കര്‍,നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍ എന്നിവരടങ്ങിയ സംഘം പ്രത്യേക യോഗവും അടുത്തിടെ ചേര്‍ന്നിരുന്നു. തീരുമാനം നാളെ വരെ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ധനമന്ത്രാലയം ഉടന്‍ ഇറക്കും. തീരുമാനം നടപ്പിലാക്കിയാല്‍ 1513.84 കോടിരൂപയുടെ അധിക നികുതി ഇന്ത്യക്ക് ലഭിക്കും. സ്റ്റീല്‍ അലുമിനിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ നല്‍കിയ പരാതി ലോക വ്യാപാര സംഘടനയുടെ പരിഗണനയിലുണ്ട്.

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്തുന്നത് വഴി ഒരു വര്‍ഷം 21.7 കോടി ഡോളര്‍ അധിക നികുതി വരുമാനം ഇന്ത്യയ്ക്കു കിട്ടും. വാല്‍നട്ടിന് 30% ആയിരുന്ന ഇറക്കുമതി നികുതി 120% ആകും. കടല തുടങ്ങിയ ചില പരിപ്പിനങ്ങള്‍ക്ക് 30% ആയിരുന്നത് 70% ആകും. രാസവസ്തുക്കള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, നട്ട്, ബോള്‍ട്ട്, പൈപ്പ് ഫിറ്റിങ്‌സ് തുടങ്ങിയവയൊക്കെ നികുതി ഉയരുന്നവയുടെ പട്ടികയിലുണ്ട്. യുഎസില്‍നിന്ന് ഏറ്റവുമധികം ബദാം വാങ്ങുന്നത് ഇന്ത്യയാണ്. ആപ്പിള്‍ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനവും. ഇവയ്‌ക്കൊക്കെ ഇവിടെ വില ഉയരാന്‍ വഴിയൊരുക്കും.

അതേസമയം അമേരിക്കന്‍ പേപ്പര്‍ ഉത്പ്പന്നങ്ങളും ഹാര്‍ളി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളും പോലുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അനാവശ്യ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

Top