തീവ്രവാദത്തിന് പണമില്ല; അയല്‍ക്കാര്‍ക്ക് പണികൊടുക്കാന്‍ ഇന്ത്യ

തീവ്രവാദത്തിന് പണമില്ലെന്ന് പ്രഖ്യാപിക്കുന്ന കോണ്‍ഫറന്‍സിന്റെ അടുത്ത പതിപ്പ് 2020ല്‍ ഇന്ത്യയില്‍ വെച്ച് നടക്കും. കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചേര്‍ന്ന ‘നോ മണി ഫോര്‍ ടെറര്‍’ കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

നൂറോളം രാജ്യങ്ങളുടെ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റുകള്‍ (എഫ്‌.ഐ.യു) ചേരുന്ന എഗ്മണ്ട് ഗ്രൂപ്പാണ് ‘തീവ്രവാദത്തിന് പണമില്ല’ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കള്ളപ്പണ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വഴി തീവ്രവാദത്തിന് പണം എത്തിക്കുന്നതിന് എതിരെയുള്ള അന്താരാഷ്ട്ര സഹകരണമാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്.

അനൗദ്യോഗിക തലത്തിലുള്ള അന്താരാഷ്ട്ര സഹകരണത്തിലൂടെ എഗ്മണ്ട് ഗ്രൂപ്പ് ഇതിലെ അംഗ രാജ്യങ്ങള്‍ തമ്മില്‍ രഹസ്യ വിവരങ്ങള്‍ കൈമാറാനുള്ള വേദിയാണ് ഒരുക്കുന്നത്. കള്ളപ്പണം വെളുപ്പിക്കണം, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനാണ് എഗ്മണ്ട് ഗ്രൂപ്പ് പരിശ്രമിക്കുന്നത്.

പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ ഫണ്ടിംഗ് ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിന് ഇടെയാണ് എഗ്മണ്ട് ഗ്രൂപ്പ് ഇന്ത്യയില്‍ യോഗം ചേരുന്നത് എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇന്ത്യക്ക് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

Top