അമേരിക്കയ്ക്ക് തിരിച്ചടി; എസ്400 ട്രയംഫ് 2023ല്‍ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഷ്യയുടെ പ്രതിരോധ മിസൈല്‍ സംവിധാനമായ എസ്400 ട്രയംഫ് 2023 ഏപ്രിലില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറിലാണ് റഷ്യയില്‍ നിന്ന് എസ് 400 വാങ്ങാന്‍ ഇന്ത്യ കരാറില്‍ ഒപ്പിടുന്നത്. റഷ്യയുമായി 40,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്.കരാര്‍ പ്രകാരം 2023 ഏപ്രിലില്‍ തന്നെ എസ്400 ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര മന്ത്രി ശ്രീപാദ് നായിക് ലോക്‌സഭയെ അറിയിച്ചത്.

അതേസമയം, റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നവരോട് വിട്ടുവീഴ്ചയില്ലെന്നാണ് അമേരിക്കയുടെ ഭീഷണി. ഇന്ത്യയുമായി ബന്ധം ശക്തമാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും എസ്400 വാങ്ങുന്ന കാര്യത്തില്‍ ഇളവില്ലെന്ന് പെന്റഗണ്‍ അറിയിച്ചു.

തുര്‍ക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തുര്‍ക്കി റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.നൂറിലേറെ എഫ് 35 വിമാനങ്ങളാണ് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടത്.

റഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നാണു യുഎസ് നിയമം. അതുകൊണ്ടാണ് റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ട്രംപ് പറയുന്നത്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇളവ് വരുത്താന്‍ പ്രസിഡന്റിന് അധികാരമുണ്ട്.

എന്നാല്‍ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുകയും അത് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എസ് -400 സംവിധാനത്തിനുള്ള ഞങ്ങളുടെ അവശ്യകത യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ നാലാം തലമുറയാണ് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം. 600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ ട്രാക്കുചെയ്യാനും 400 കിലോമീറ്റര്‍ പരിധിയില്‍ ടാര്‍ഗെറ്റുചെയ്യാനും കഴിവുള്ളതാണ്. മറ്റ് റഡാറുകളില്‍ നിന്ന് ഡേറ്റ സ്വീകരിച്ചതിനു ശേഷം സ്വതന്ത്രമായി ടാര്‍ഗെറ്റുകളില്‍ എസ് -400 ന് ഇടപെടാന്‍ കഴിയും. ക്രൂസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, വിമാനം, ഡ്രോണുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (യുഎവി) എന്നിവയുള്‍പ്പെടെ ഒന്നിലധികം ലക്ഷ്യങ്ങള്‍ കണ്ടെത്താനും ട്രാക്കുചെയ്യാനും വെടിവയ്ക്കാനും ഇതിന് കഴിയും.

Top