108 രാജ്യങ്ങള്‍ക്ക് കോവിഡ് മരുന്ന് കയറ്റി അയക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: നൂറിലധികം രാജ്യങ്ങളിലേക്ക് കോവിഡ് മരുന്ന് കയറ്റി അയക്കാനൊരുങ്ങി
ഇന്ത്യ. 85 ദശലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോള്‍ ഗുളികകളുമാണ് 108 രാജ്യങ്ങള്‍ക്ക് ഇന്ത്യ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.

ദേശീയ മാധ്യമങ്ങളാണ് ഇതിനെ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുപുറമേ 1000 ടണ്‍ പാരസെറ്റമോള്‍ ഗ്രാന്യൂള്‍സ് കൂടി കയറ്റി അയയ്ക്കാനും തീരുമാനമുണ്ട്. മാത്രമല്ല ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിനായി മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മരുന്ന് ആവശ്യപ്പെട്ട മറ്റു രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് മരുന്നുകള്‍ കയറ്റി അയക്കുന്നത്. ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ പൗരന്മാരെ തിരികെ നാടുകളിലെത്തിക്കാന് തയ്യാറാക്കിയ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ വഴിയും മരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.

‘അറുപത് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള നാലായിരത്തിലധികം ചരക്കുകളുടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. മൊത്തം 108 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യുന്നത്.’ അധികൃതര്‍ പറഞ്ഞു.

യുഎസ്, യുകെ, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളിലേക്ക് 80 ദശലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ടാബ്ലെറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തു.

Top