കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര സഹായം നല്‍കാമെന്ന പാക്ക് വാഗ്ദാനം പരിശോധിക്കുമെന്ന് ഇന്ത്യ

Kulbhushan-Jadhav

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയ പാക്ക് തീരുമാനം പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം.

മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയയ്ക്കു പിന്നാലെയാണ് നയതന്ത്ര സഹായം നല്‍കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചത്. ഈ വാഗ്ദാനത്തെക്കുറിച്ച് പരിശോധിക്കുമെന്നും അതിനു ശേഷമേ തീരുമാനമെടുക്കൂവെന്നും രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നയതന്ത്ര തലത്തില്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ നടപടി.

ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ച് 2017 ഏപ്രിലിലാണ് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന്, വധശിക്ഷ അസാധുവാക്കി കുല്‍ഭൂഷനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.

അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ പാക്കിസ്ഥാന്‍ പുനപരിശോധിക്കണമെന്നും വിയന്ന ഉടമ്പടി പ്രകാരം തടവുകാരന് ലഭിക്കേണ്ട നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയിരുന്നു.

വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ വാദം. 2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ പിടിയിലായത്.

Top