വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത് ചൈന

ബെയ്ജിങ്: വുഹാനില്‍ കുടങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത് ചൈന. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 250 ഓളം ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിത പ്രദേശമായ വുഹാനില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് ചൈന നിലപാട് അറിയിച്ചിരിക്കുന്നത്.

വുഹാനിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കളടക്കമുള്ള ഇന്ത്യക്കാരോട് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന സന്ദേശം വിദേശകാര്യമന്ത്രാലയം നല്‍കിയതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന് ശേഷവും തങ്ങള്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ഹ്യൂബ പ്രവശ്യയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ സാധ്യമല്ലെന്നാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയ്‌ഡോംഗ് വ്യക്തമാക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും, വുഹാനിലെ സ്ഥിതിഗതികളില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയില്ലെന്നും സുന്‍വെയ്‌ഡോംഗ് ട്വീറ്റ് ചെയ്തു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുമ്പോഴാണ് സഹായമഭ്യര്‍ത്ഥിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ദൃശ്യം പുറത്ത് വന്നിരിക്കുന്നത്.

Top