റഷ്യയില്‍ നിന്ന് രണ്ട് ഡസന്‍ ടാങ്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. നിയന്ത്രണ രേഖയില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകള്‍ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്. ഇവയുടെ ഭാരക്കൂടുതലാണ് പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഭാരം കുറഞ്ഞ സ്പ്രുട്ട് എസ്.ഡി.എം1 എന്ന യുദ്ധ ടാങ്ക് വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

നിലവില്‍ റഷ്യയില്‍ പരീക്ഷണ ഘട്ടത്തിലാണ് സ്പ്രൂട്ട് ടാങ്കുകള്‍. കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് മുമ്പു തന്നെ ഇന്ത്യയില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയേക്കും. റഷ്യ- ഇന്ത്യ സര്‍ക്കാര്‍ തലത്തിലുള്ള കരാറാകും ഇക്കാര്യത്തില്‍ ഉണ്ടാവുക.

ഏകദേശം 24 ടാങ്കുകളാകും ഇന്ത്യ ആദ്യഘട്ടത്തില്‍ വാങ്ങുക. 500 കോടി രൂപയുടേതാകും ഇടപാടെന്നാണ് വിവരം. അടിയന്തര ഘട്ടത്തില്‍ ആയുധ സംഭരണത്തിന് ചെലവിടാന്‍ സൈന്യത്തിന് നല്‍കിയിട്ടുള്ള അധികാര പരിധിയില്‍ വരുന്നതിനാല്‍ ഇതിന് അധികം നടപടിക്രമങ്ങള്‍ ആവശ്യമായി വരില്ല.

Top