ഇന്ത്യന്‍ കരസേന മുഖം മിനുക്കുന്നു; യുഎസില്‍ നിന്ന് 73,000 തോക്ക് വാങ്ങും

ന്യൂഡല്‍ഹി:അമേരിക്കയില്‍നിന്ന് 73,000 തോക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ച് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം. കരസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തോക്കുകള്‍ അടിയന്തരമായി വാങ്ങുന്നത്.

ശനിയാഴ്ച പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയിലുള്ള ഉത്തതതലസമിതിയാണ് തോക്കുവാങ്ങാന്‍ അനുമതി നല്‍കിയത്. 3600 കിലോമീറ്ററോളം വരുന്ന ചൈനാ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈന്യത്തിനായാണ് തോക്കു വാങ്ങുന്നത്. അമേരിക്കയുടെയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെയും സൈന്യം ഉപയോഗിക്കുന്ന തോക്കാണിത്.

ഒരാഴ്ചയ്ക്കുള്ളില്‍ കരാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനമാവും. കരാര്‍ നിലവില്‍വന്ന് ഒരുവര്‍ഷത്തിനകം തോക്കുകള്‍ ഇന്ത്യക്കു കൈമാറുമെന്നാണ് സൂചന. ഈ തോക്ക് എത്തുന്നതോടെ കരസേന ഉപയോഗിക്കുന്ന ഇന്‍സാസ് തോക്ക് ഒഴിവാക്കും.

പ്രതിരോധമന്ത്രാലയത്തിനു മുമ്പില്‍ സിഗ്സവര്‍ തോക്കുകളെന്ന ആവശ്യം കരസേന വെച്ചിട്ട് ഏറെക്കാലമായി. പാക്കിസ്ഥാനില്‍നിന്നും ചൈനയില്‍ നിന്നുമുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ വേഗം നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Top