India to boycott Chinese products;as China sides with Pakistan

ന്യൂഡല്‍ഹി : പാക്കിസ്ഥാന് നയതന്ത്ര പിന്‍തുണ നല്‍കുന്ന ചൈനക്ക് വന്‍ തിരിച്ചടിയായി ഇന്ത്യയുടെ നീക്കം. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യ അപ്രഖ്യാപിത ബഹിഷ്‌ക്കരണ നീക്കത്തിലേക്കാണ് നീങ്ങുന്നത്.

ദീപാവലി വേളയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഈ മേഖലയില്‍ പുലര്‍ത്തുന്ന ആധിപത്യം തകര്‍ക്കാനാണ്.

മധുര പലഹാരങ്ങള്‍, വിളക്കുകള്‍, അലങ്കാരങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് മോദിയുടെ അഭ്യര്‍ത്ഥന. ബി.ജെ.പി എം.പി മാര്‍ക്ക് അയച്ച കത്തിലാണ് ഈ ആവശ്യം. ഇതൊരു ചെറിയ ചുവടുവയ്പാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരസ്യമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറാവാത്തതിനാലും അതിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനാലും ചൈനക്ക് ഔദ്യോഗികമായി അന്താരാഷ്ട്രതലത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ കഴിയില്ല. ഭരണകക്ഷിയായ ബി.ജെ.പി യും ആര്‍.എസ്.എസ്- വി.എച്ച്.പി അടക്കമുള്ള ഭരണാനുകൂല സംഘടനകളും ഇതിനകം തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് വന്‍ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ കൂടി ബോധ്യപ്പെടുത്തി ബഹിഷ്‌ക്കരണ നീക്കം ശക്തമാക്കാനും ഭരണതലത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

വാണിജ്യപരമായി തിരിച്ചടി നേരിട്ടാല്‍ ചൈന പാഠം പഠിക്കുമെന്നും വരുതിയിലാക്കാമെന്നുമാണ് കണക്കുകൂട്ടല്‍. പാക്കിസ്ഥാനെ അനുകൂലിക്കുന്ന നിലപാടെടുക്കുന്നത് വാണിജ്യ സഹകരണത്തെ ബാധിക്കുമെന്ന സന്ദേശം പ്രധാനമന്ത്രിയുടെ നീക്കത്തോടെ ഉണ്ടാവുമെന്നാണ് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ യു.എന്‍.പ്രമേയത്തിനുള്ള ഇന്ത്യന്‍ നീക്കത്തെ ചൈന തടഞ്ഞതാണ് ഇന്ത്യയെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മസൂദ് അസറിനെ കുരുക്കാനായി യു.എസ്, യു.കെ, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്‍തുണയോടെ ഇന്ത്യ നടത്തിയ നീക്കം വീറ്റോ അധികാരമുപയോഗിച്ചാണ് ചൈന തടഞ്ഞിരുന്നത്.

പാക്കിസ്ഥാന് ജലം വിട്ടുകൊടുക്കുന്ന സിന്ധു നദീ ജല കരാര്‍ പുനഃപരിശോധിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ ചൈന ബ്രഹ്മപുത്രയുടെ പോഷക നദി തടഞ്ഞ് വൈദ്യുത പദ്ധതി ആരംഭിക്കാനൊരുങ്ങിയതും ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.

ഇന്ത്യയിലെ വിപുലമായ വിപണിയിലെ പങ്കില്‍ ഇടിവുണ്ടായാല്‍ അത് ചൈനയുടെ സാമ്പത്തിക-വ്യാവസായിക നിലയെതന്നെ പ്രതിസന്ധിയിലാക്കും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റുള്ള രാജ്യമാണ് ഇന്ത്യ.

Top