ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന അഭിമാന പദത്തിലേക്ക് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ തിരിച്ചെത്തുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. ഇത്തവണ 9.2 ശതമാനം വളര്‍ച്ചയാണ് ജിഡിപിയില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് കണക്കാക്കിയത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 9.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടത്. 7.3 ശതമാനത്തോളം പുറകോട്ട് പോയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ച് വരുന്നതാണ് ഇത്തവണത്തെ കാഴ്ച. ഒരു പാദവാര്‍ഷികം ഇനിയും ബാക്കിയുണ്ടെന്നിരിക്കെ കൊവിഡ് വ്യാപനത്തിലുണ്ടായ വര്‍ധന ആശങ്ക വിതയ്ക്കുന്നുണ്ട്. എങ്കിലും ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രാജ്യം.

ഇക്കുറി 9.2 ശതമാനം വളര്‍ച്ച നേടാനായാല്‍ 2019 ല്‍ കൊവിഡിന് മുന്‍പത്തെ ജിഡിപിയെ മറികടക്കാന്‍ രാജ്യത്തിന് സാധിക്കും. കാര്‍ഷികം, ഖനനം, നിര്‍മ്മാണ മേഖലകളിലാണ് ഏറെ പ്രതീക്ഷ. 2021-22 വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി 147.54 കോടി രൂപയാണ്. 2020-21 വര്‍ഷത്തിലെ ജിഡിപി 135.13 കോടി രൂപയായിരുന്നു.

ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം വളര്‍ച്ച നേടുമെന്നാണ്. ഫിച്ച് റേറ്റിങ്‌സ് പറയുന്നത് 8.7 ശതമാനം വളര്‍ച്ചയാണ്. മൂഡിസ് ഇന്‍വസ്‌റ്റേര്‍സ് സര്‍വീസ് പറയുന്നത് 9.3 ശതമാനം വളര്‍ച്ച നേടുമെന്നാണ്. ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 8.3 ശതമാനവും ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യം 11 ശതമാനവുമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. അതേസമയം ചൈനയുടെ നിലവിലെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാണ്.

Top