നിര്‍മിത ബുദ്ധിയില്‍ ശക്തരാവാന്‍ ഇന്ത്യ; പതിനായിരം കോടിയുടെ എഐ മിഷന് കേന്ദ്ര അംഗീകാരം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മിഷന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തേക്ക് 10,372 കോടിയുടെ പദ്ധതിക്ക് കാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. രാജ്യത്തിന് സ്വന്തമായി ഒരു എഐ സിസ്റ്റം വികസിപ്പിക്കാനും രാജ്യത്തിന്റെ കംപ്യൂട്ടേഷണല്‍ ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കംപ്യൂട്ട്-ആസ്-എ സര്‍വ്വീസ് വാഗ്ദാനം ചെയ്യുകയുമാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഒരു എഐ ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി 10,000 ഗ്രാഫിക് പ്രൊസസ്സിങ് യൂണിറ്റുകളടങ്ങുന്ന സൂപ്പര്‍ കംപ്യൂട്ടിങ് കപ്പാസിറ്റി വിവിധ ഓഹരി ഉടമകള്‍ക്ക് നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക്, ഗവേഷകര്‍, ഇന്‍ഡസ്ട്രി എന്നിവയ്‌ക്കെല്ലാം ഇന്ത്യ എഐ മിഷന് കീഴിലുള്ള എഐ സൂപ്പര്‍ കംപ്യൂട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് പ്രവേശനം നല്‍കുമെന്ന് ഗോയല്‍ പറഞ്ഞു.

ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും എഐ വികസനത്തിന് അവ ലഭ്യമാക്കുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും മന്ത്രാലയങ്ങളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ദേശീയ ഡാറ്റാ മാനേജ്‌മെന്റ് ഓഫീസറെ മിഷന് കീഴില്‍ കൊണ്ടുവരും.

മാസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ എഐ ദൗത്യം പ്രഖ്യാപിച്ചത്. രാജ്യത്തിനകത്ത് എഐ കംപ്യൂട്ടിങ് ശക്തി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കും ആരോഗ്യം, കാര്‍ഷികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ എഐ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എഐ വികാസത്തിനായി സര്‍ക്കാരിന്റെ ഇടപെടലോടൂകൂടി കംപ്യൂട്ടിങ് ശേഷി ആര്‍ജിച്ചെടുക്കാനും അത് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കാനും രാജ്യത്തെ എഐ വികാസം ത്വരിതപ്പെടുത്താനുമാണ് എഐ മിഷന്‍ ലക്ഷ്യമിടുന്നത്.

Top