സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ശ്രമിക്കുന്നു; പ്രധാനമന്ത്രി

ഡല്‍ഹി: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധര്‍മ്മ വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. മധ്യപ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കലിടാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. എല്ലാ സനാതന ധര്‍മ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം. ഇന്ത്യന്‍ സംസ്‌കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ സഖ്യത്തിന് നേതാവില്ല.

സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നല്‍കിയത് സനാതന ധര്‍മ്മമാണ്. ഇന്ന് സനാതന ധര്‍മ്മത്തെ അവര്‍ നേരിട്ട് ലക്ഷ്യംവെക്കുകയാണ്. നാളെ നമുക്കെതിരായ ആക്രമണം അവര്‍ കൂടുതല്‍ ശക്തമാക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. സനാതന ധര്‍മ്മത്തെ പിന്തുണക്കുന്ന എല്ലാവരും ജാഗ്രതയോടെ ഇതിനെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റേയും സംസ്ഥാനങ്ങളുടേയും വികസനത്തിന് സര്‍ക്കാറുകള്‍ സുതാര്യതയോടും അഴിമതിരഹിതമായും പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.

ദീര്‍ഘകാലം മധ്യപ്രദേശ് ഭരിച്ച പാര്‍ട്ടി അഴിമതിയല്ലാതെ സംസ്ഥാനത്തിന് മറ്റൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജി20 ഉച്ചകോടിയുടെ വിജയം 140 കോടി ജനങ്ങളുടേയും വിജയമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും സംസ്‌കാരവും ജി20 നേതാക്കളില്‍ മതിപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 50,700 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നര്‍മ്മദാപുരം ജില്ലയിലെ വൈദ്യുതി, പുനരുപയോഗ ഊര്‍ജ ഉത്പ്പാദന മേഖലകള്‍, ഇന്‍ഡോറിലെ രണ്ട് ഐടി പാര്‍ക്കുകള്‍, രത്ലാമില്‍ മെഗാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, സംസ്ഥാനത്തെ ആറ് പുതിയ വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ 10 പുതിയ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. മദ്ധ്യപ്രദേശിലെ പുതിയ പദ്ധതികള്‍ വ്യവസായ വികസനത്തിന് വലിയ ഉത്തേജനം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Top