രാജ്യത്തുനിന്നും ഇന്ത്യയുടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലിദ്വീപ്

മാലി: രാജ്യത്തുനിന്നും ഇന്ത്യയുടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലിദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകളും സൈനികരെയും അടക്കം പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൈനിക കരാര്‍ ജൂണില്‍ അവസാനിച്ചതു ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ പിന്തുണയുള്ള മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീനിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

നാളുകളായി മാലിദ്വീപിന് എല്ലാവിധ സാമ്പത്തിക, സൈനിക സഹായങ്ങളും നല്‍കിവരുന്നത് ഇന്ത്യയാണെങ്കിലും യാമീന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചൈനയുമായാണ് അടുപ്പം കാണിക്കുന്നത്.

രാഷ്ട്രീയ പ്രതിയോഗികളെ യാമീന്‍ അടിച്ചമര്‍ത്തുന്നതും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് മാലിദ്വീപ് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടത് ദ്വീപില്‍ അസ്വസ്ഥത വര്‍ധിപ്പിച്ചിരുന്നു.

രണ്ട് സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ മാലിദ്വീപിന് രാജ്യത്തിനു നല്‍കിയിരുന്നത്. ആരോഗ്യരംഗത്തെ ആവശ്യങ്ങള്‍ക്കായിരുന്നു രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ നാളുകളായി ഇവ മാലിദ്വീപ് ഉപയോഗിക്കുന്നില്ലായിരുന്നു.

Top