ഇന്ത്യയുടെ നെഞ്ചില്‍ കയറി ബിജെപി നടത്തുന്ന ‘താണ്ഡവം’ ആണ് നിര്‍ത്തേണ്ടത്; മഹുവ

ന്യൂഡല്‍ഹി: താണ്ഡവ് വെബ്‌സീരീസ് വിവാദത്തില്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ആദ്യം ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് നിര്‍ത്തേണ്ടത് അല്ലാതെ സ്‌ക്രീനിലെ ‘താണ്ഡവ്’ അല്ലെന്നാണ് മഹുവ പറഞ്ഞത്. താന്‍ ഒരു ഹിന്ദുവാണെന്നും എന്നാല്‍ സര്‍ഗാത്മക ആവിഷ്‌കാരം കാരണം തന്റെ വികാരങ്ങള്‍ വൃണപ്പെടുന്നില്ലെന്ന് മഹുവ വ്യക്തമാക്കി. താണ്ഡവ് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തി എന്നാരോപിച്ചാണ് സീരിസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്.

എന്ത് കാണണം, എന്ത് കഴിക്കണം, ആരെ സ്നേഹിക്കണം എന്ന കാര്യങ്ങളൊന്നും ബി.ജെ.പി സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്നും മഹുവ തുറന്നടിച്ചു. അതേസമയം, സീരീസിനെതിരെ ബി.ജെ.പിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ആമസോണ്‍ പ്രൈമിനെ വിശദീകരണത്തിനായി വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്‌സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.

പ്രധാനമന്ത്രി പദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളുമെല്ലമാണ് കഥാപരിസരം. സീരിസ് റിലിസ് ആയാല്‍ വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനവും വരാന്‍ സാധ്യതയുണ്ടെന്ന നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നതുമാണ്.

Top