രാജ്യത്തെ ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ‘രുദ്രം–1’ വിജയകരമായി പരീക്ഷിച്ചു

രാജ്യത്തെ ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ‘രുദ്രം–1’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയുടെ നേതൃത്വത്തിൽ ഒഡീഷയിലെ ബാലസോറിലെ ടെസ്റ്റിങ് റേഞ്ചിൽനിന്നായിരുന്നു പരീക്ഷണം. നേട്ടത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച രുദ്രം, സുഖോയ്–30 യുദ്ധവിമാനത്തിൽനിന്നാണ് വിക്ഷേപിച്ചത്. വ്യോമസേനയുടെ നേതൃത്വത്തിൽ ഒഡീഷയിലെ ബാലസോറിലെ ടെസ്റ്റിങ് റേഞ്ചിൽനിന്നായിരുന്നു പരീക്ഷണം.

ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തിൽ (0.6– 2 മാക്) പായാൻ കെൽപ്പുള്ള മിസൈലാണ് വ്യോമസേന വെള്ളിയാഴ്ച പരീക്ഷിച്ച രുദ്രം–1. വിക്ഷേപിക്കുന്ന ഉയരത്തിന് അനുസരിച്ച് 100 മുതൽ 250 കിലോമീറ്റർ വരെ ദൂരത്തിൽ സഞ്ചരിച്ച് ശത്രുവിന്റെ റഡാറിനെയും മറ്റ് ആശയവിനിമയ സംവിധാനങ്ങളേയും തകർക്കാനും രുദ്രത്തിന് സാധിക്കും.

ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ അങ്ങോട്ടു കടന്നുകയറി ആക്രമിക്കാനുള്ള കരുത്ത് ഇതോടെ ഇന്ത്യൻ വ്യോമസേനയ്ക്കായതായാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തൽ. വിക്ഷേപിച്ചതിനു ശേഷവും ലക്ഷ്യം മാറ്റാൻ കഴിവുള്ള മിസൈലാണ് രുദ്രം–1. വായു–ഉപരിതല ആന്റി റേഡിയഷൻ മിസൈലായ രുദ്രം, 100 കിലോമീറ്റർ വരെ അകലെയുള്ള റേഡിയോ ഫ്രീക്വൻസികൾ തിരിച്ചറിഞ്ഞ് ശത്രുവിന്റെ പ്രതിരോധസംവിധാനങ്ങളെ തകർക്കും.

Top