രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്ന പത്തംഗ സംഘം അറസ്റ്റില്‍

terrorisam

ലക്‌നൗ: രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ചു നല്‍കുന്ന പത്തംഗ സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റുചെയ്തത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള സംഘമാണ് പിടിയിലായതെന്നാണ് വിവരം.

ഗോരഖ്പുര്‍, ലഖ്നൗ, പ്രതാപ്ഘട്ട്, മധ്യപ്രദേശിലെ റിവാന്‍ എന്നിവിടങ്ങളില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. പാക്കിസ്ഥാനില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പ്രവര്‍ത്തിച്ചുവന്നതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഐ.ജി അസിം അരുണ്‍ പറഞ്ഞു.

വ്യാജ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും അക്കൗണ്ടുകളിലേക്ക് തുക മാറ്റാനും ലഷ്‌കര്‍ ഭീകരരാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതെന്നും ഓരോ ഇടപാടിനും പത്ത് മുതല്‍ 20 ശതമാനം വരെ കമ്മീഷന്‍ ഇവര്‍ക്ക് ലഭിക്കുമെന്നും പിടിയിലായവര്‍ വെളിപ്പെടുത്തിയതായി അദ്ദേഹം സൂചിപ്പിച്ചു. നേപ്പാള്‍, പാക്കിസ്ഥാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ തുകകളാണ് ഇവര്‍ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നത്.

അതേസമയം, പത്ത് കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് സംഘം നടത്തിയെതെന്ന് ഐ.ജി പറഞ്ഞു. അറസ്റ്റിലായവരില്‍ എല്ലാവര്‍ക്കും തീവ്രവാദ ബന്ധത്തെപ്പറ്റി അറിവില്ലായിരുന്നുവെന്നും പലരും അറിയാതെ കണ്ണികളായവരാണെന്നും ലോട്ടറി തട്ടിപ്പാണ് നടത്തുന്നതെന്നാണ് ഇവരെ ധരിപ്പിച്ചിരിക്കുന്നതെന്നും ഐജി പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നും പൊലീസ് സൂചിപ്പിച്ചു. ബാങ്ക് ജീവനക്കാര്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.ടി.എം കാര്‍ഡുകള്‍, 24 ലക്ഷം രൂപ, മാഗ്‌നറ്റിക് കാര്‍ഡ് റീഡറുകള്‍, ലാപ് ടോപ്പുകള്‍, വിവിധ ബാങ്കുകളുടെ പാസ്ബുക്കുകള്‍, തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവ ഇവരുടെ പക്കലില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Top