“ഖാലിസ്ഥാൻ ഹിതപരിശോധന”: തടയണമെന്ന് കാനഡയോട് ഇന്ത്യ

ദില്ലി: കാനഡയിലെ ഒന്റാറിയോയില്‍ വെച്ച് നിരോധിത ഭീകര സംഘടനയായ “സിഖ് ഫോർ ജസ്റ്റിസ്” നടത്തുന്ന “ഖാലിസ്ഥാൻ ഹിതപരിശോധന” തടയാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റിനോട് റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന നടപടി തടയാനും, കനേഡിയൻ ഭൂപ്രദേശമോ, സംവിധാനങ്ങളോ ഇന്ത്യൻ ജനതയ്‌ക്കെതിരെ വിദ്വേഷം പരത്താനോ അക്രമത്തിന് ആഹ്വാനം ചെയ്യാനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഒന്റാറിയോയിലെ ഗ്ലോബൽ അഫയേഴ്‌സ് കാനഡയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർക്ക് ഒരു അറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ 6 ന് മിസിസാഗയിലെ പോൾ കോഫി അരീനയിൽ നടക്കുന്ന റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ നിന്നും നിരോധിക്കപ്പെട്ട എസ്‌എഫ്‌ജെയെ തടയാനാണ് ഇത് വഴി ഇന്ത്യ ആവശ്യപ്പെടുന്നത്.

സെപ്തംബർ 18-ന് ഒന്റാറിയോയിലെ ബ്രാംപ്ടണിൽ വെച്ച് അത്തരത്തിലുള്ള ഒരു ഹിത പരിശോധന നടത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. നിരപരാധികളെ വധിക്കാന്‍ വാദിക്കുന്ന തീവ്രവാദ സംഘടനകളാണ് ഇത്തരം ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇന്ത്യ കാനഡയെ അറിയിച്ചു.

പരസ്‌പരം സുരക്ഷയ്ക്കും ദേശീയതാൽപ്പര്യത്തിനും ഹാനികരമായ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ പ്രദേശങ്ങൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഇരുരാജ്യങ്ങളും ഉന്നതതലത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ ഓർമിപ്പിച്ചു. 2022 സെപ്തംബർ 16 ന് ഒരു കുറിപ്പ് മുഖേന ഇത്തരം “ഹിതപരിശോധനകള്‍” അംഗീകരിക്കുന്നില്ലെന്ന് കനേഡിയൻ സർക്കാർ നേരത്തെ ഇന്ത്യയെ രേഖാമൂലം അറിയിച്ചിരുന്നു.

ഇന്ത്യന്‍ അപേക്ഷ പരിഗണിക്കാം എന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ പ്രതികരണം. എന്നാല്‍ ലിബറല്‍ നിലപാട് പുലര്‍ത്തുന്ന കാനഡ ഇത്തരം നീക്കങ്ങളെ അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ നിരോധിക്കാന്‍ സാധ്യത കുറവാണ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം ഇത്തരം ഹിതപരിശോധന സംഘടിപ്പിക്കുന്നവര്‍ ഇന്ത്യൻ സമൂഹത്തെ ധ്രുവീകരിക്കാനും സിഖ് വിദ്യാർത്ഥികളെ തീവ്രവാദികളാക്കാനും ശ്രമിക്കുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ കാനഡ സര്‍ക്കാറിനോട് പറയുന്നത്.

 

Top