ആ കൊടും ഭീകരന്‍ വിമാനം റാഞ്ചിയുടെ ശരീരവും ചിന്നി ചിതറി !

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി പാക്ക് അതിര്‍ത്തിയിലേക്ക് കടന്നു ചെന്ന ഇന്ത്യന്‍ സേന ഭീകരരുടെ വധത്തിനൊപ്പം ജെയ്‌ഷെ തലവന്‍മാരായ മസൂദ് അസ്ഹറിനെയും ബന്ധുവും കൊടുംഭീകരനുമായ യൂസഫ് അസ്ഹറിനെയും കൂടി ലക്ഷ്യമിട്ടിരുന്നു. ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ യൂസഫ് കൊല്ലപ്പെട്ടതായി സൂചനയുണ്ടെങ്കിലും കൃത്യമായ സ്ഥിരീകരണമില്ല. ബാലാകോട്ടിലെ താവളത്തിന്റെ മുഖ്യചുമതലക്കാരനാണ് യൂസഫ്.

പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഓര്‍മിക്കപ്പെട്ടത് 1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം ഭീകരര്‍ റാഞ്ചിയ സംഭവമാണ്. അന്ന് ജയ്‌ഷെ ഇ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഭീകരര്‍ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയത്. യാത്രക്കാരുടെ ജീവന്‍ വച്ച വിലപേശിയപ്പോള്‍ അന്ന് മസൂദ് അസഹ്‌റിനെയും ഒപ്പം രണ്ട് ഭീകരരെയും അന്നത്തെ വാജ്‌പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നു. അന്ന് വിമാനം റാഞ്ചിയ സംഘത്തില്‍ അസ്ഹര്‍ യൂസഫുമുണ്ടായിരുന്നു. പിന്നീട് ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നില്‍ ജയ്‌ഷെയുടെ പങ്ക് വ്യക്തമായിരുന്നു.

ജയ്‌ഷെ മുഹമ്മദിന്റെ നേതൃനിരയിലെ രണ്ടാമനായ യൂസഫ് അസ്ഹര്‍ മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരനാണ്. മുഹമ്മദ് സാലിം എന്നും ഉസ്താദ് ഘോറി എന്നും പേരുകളുള്ള ഇയാളായിരുന്നു ഇന്ത്യയില്‍ ജയിലിലായിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിക്കാനായി 1999 ല്‍ നടത്തിയ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരന്‍. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഭീകരന്‍ ഇന്റര്‍പോളിന്റെ പട്ടികയിലുമുണ്ട്.

1999 ഡിസംബര്‍ 24 നായിരുന്നു എട്ടുദിവസം നീണ്ടുനിന്ന വിമാന റാഞ്ചലിന്റെ തുടക്കം. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പറന്നുയര്‍ന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി- 814 എയര്‍ബസ് എ 300 വിമാനം ഇന്ത്യയുടെ വ്യോമപരിധിയില്‍ പ്രവേശിച്ചയുടനെ തോക്കുധാരികളായ അഞ്ചു പാക്ക് പൗരന്‍മാര്‍ തട്ടിയെടുക്കുകയായിരുന്നു.

മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ, ഇന്ത്യ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മൂന്നു ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം. വിമാനം പടിഞ്ഞാറേക്കു ദിശമാറ്റി പറപ്പിക്കാന്‍ പൈലറ്റിനോടു മുഖംമൂടിധാരി ആജ്ഞാപിച്ചു. ലഖ്നൗവിലേക്കും അവിടെ നിന്നു ലാഹോറിലേക്കും വിമാനം കൊണ്ടു പോകാനായിരുന്നു റാഞ്ചികളുടെ പദ്ധതി. പക്ഷേ, പാക്ക് അധികൃതര്‍ വിമാനം ലാഹോറില്‍ ഇറക്കാന്‍ അനുവദിച്ചില്ല. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ വിമാനം പഞ്ചാബിലെ അമൃത്‌സറില്‍ ഇറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായി. രൂപന്‍ കത്യാല്‍ എന്ന യാത്രക്കാരനെ റാഞ്ചികള്‍ വധിക്കുകയും ചെയ്തു.

അമൃത്‌സറില്‍നിന്ന് ഇന്ധനം നിറച്ച ശേഷം പറന്നുയര്‍ന്ന വിമാനത്തിന് ലാഹോറില്‍ ഇറങ്ങാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കി. അവിടെ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ വലത്തേ എന്‍ജിനില്‍ തീയാളി. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാലായിരുന്നു ഇത്. ലാഹോറില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ദുബൈയിലേക്കു പറന്നു. ദുബൈയിലെത്തി 25 യാത്രക്കാരെയും രൂപന്‍ കത്യാലിന്റെ മൃതദേഹവും മോചിപ്പിച്ച ശേഷം പറന്നുയര്‍ന്ന വിമാനം അഫ്ഗാനിസ്ഥാനിലേക്കാണു പോയത്. അവിടെ കാണ്ടഹാറില്‍ വിമാനമിറങ്ങിയതോടെ മോചനശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

വിമാനത്തില്‍ ശേഷിച്ചത് 163 പേരായിരുന്നു. ഇതിനിടെ താലിബാന്റെയും അല്‍ഖായിദയുടെയും പിന്തുണയോടെയാണ് റാഞ്ചല്‍ എന്നു വ്യക്തമായി. മൗലാന മസൂദ് അസ്ഹര്‍, മുഷ്താഖ് അഹമ്മദ് സാഗര്‍, അഹമ്മദ് ഒമര്‍ സഈദ് ഷെയ്ഖ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം. ഒടുവില്‍ ഭീകരരുമായി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് കാണ്ടഹാറിലെത്തി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.

അതേസമയം പാക്കിസ്ഥാന് പുല്‍വാമ സംഭവത്തിന്റെ തിരിച്ചടി ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഇന്ത്യ നല്‍കിയത്. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരതാവളങ്ങളിലാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകര്‍ത്തതായി ഇന്ത്യ വ്യക്തമാക്കി. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്‌റിന്റെ ഭാര്യാ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ യൂസുഫ് അസ്ഹര്‍ എന്നിവരുള്‍പ്പടെ നിരവധി ജയ്‌ഷെ നേതാക്കളെയും വധിച്ചെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ല.

Top