പലസ്തീന് കൈത്താങ്ങായി ഇന്ത്യ; 38.5 ടണ്‍ അവശ്യവസ്തുക്കള്‍ അടങ്ങുന്ന വിമാനം ഗാസയിലേക്ക് പുറപ്പെട്ടു

ഡല്‍ഹി: ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന പലസ്തീന് സഹായവുമായി ഇന്ത്യ. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിര്‍ത്തി വഴി ഗാസയില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തില്‍ പലസ്തീനിലേക്ക് അയച്ചത്. വ്യോമസേന വിമാനം സഹായവുമായി ഈജിപ്തിലേക്ക് തിരിച്ചു.

6.5 ടണ്‍ വൈദ്യസഹായ സാമഗ്രികളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം ഐഎഎഫ് സി-17 ഞായറാഴ്ച പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയും അവശ്യവസ്തുക്കളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇസ്രയേല്‍. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയില്‍ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഗാസ സിറ്റിയില്‍ തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് റെക്കോര്‍ഡ് ചെയ്ത ഫോണ്‍കോളുകള്‍ രാവിലെ മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റേതായി ലഭിച്ചുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top