India sucessfully test fires long range surface-to-air missile from defence base off Odisha coast

ചാന്ദിപ്പൂര്‍: ഇസ്രായേലിന്റെ സഹകരണത്തോടെ ഇന്ത്യ നിര്‍മിച്ച മധ്യദൂര ഭൂതലവായു മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
ചാന്ദിപ്പൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും മിസൈല്‍ ലക്ഷ്യസ്ഥാനം തകര്‍ത്തതായും ഡി.ആര്‍.ഡി.ഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

50 മുതല്‍ 70 കിലോമീറ്റര്‍ വരെയാണ് ഈ മിസൈലിന്റെ ദൂരപരിധി. 4.5 മീറ്റര്‍ ഉയരവും 270 കിലോഗ്രാം ഭാരവുമുള്ള മിസൈലിന് 60 കിലോഗ്രാം പോര്‍മുന വഹിക്കാന്‍ സാധിക്കും. ആകാശ മാര്‍ഗമുള്ള ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മിസൈലിന് കരുത്തുണ്ട്.

മള്‍ട്ടി ഫംഗ്ഷണല്‍ സര്‍വേലന്‍സ് ആന്‍ഡ് ത്രെറ്റ് അലര്‍ട്ട് റഡാര്‍ (എം.എഫ് സ്റ്റാര്‍) സംവിധാനമാണ് മിസൈലില്‍ ഘടിപ്പിച്ചിട്ടുള്ളത്.

ഇതുപ്രകാരം ആകാശ മാര്‍ഗമുള്ള എതിരാളിയെ റഡാര്‍ കണ്ടുപിടിക്കുകയും മിസൈലിന് ആക്രമണത്തിനുള്ള വഴികാട്ടുകയും ചെയ്യും.

പ്രതിരോധ കേന്ദ്രങ്ങള്‍, മെട്രോ സിറ്റികള്‍, ആണവ നിലയങ്ങള്‍ എന്നിവക്ക് നേരെയുള്ള പൈലറ്റ് ഉള്ളതും ഇല്ലാത്തതുമായ യുദ്ധവിമാനങ്ങളുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് ഹൈദരാബാദിലെ ഡി.ആര്‍.ഡി.ഒ റിസര്‍ച്ച് ലാബാണ് മിസൈല്‍ നിര്‍മിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദീര്‍ഘ ദൂര ഭൂതലവായു മിസൈല്‍ നാവികസേന വിജയകരമായി പരീക്ഷിച്ചിരുന്നു. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്തയില്‍ നിന്നായിരുന്നു വിക്ഷേപണം

Top