ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിക്ഷേപണം വിജയകരം

ന്യൂഡൽഹി : ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിക്ഷേപണം ഇന്ത്യ വിജകരമായി പരീക്ഷിച്ചു. 400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യത്തില്‍ പതിക്കാനാകും എന്നതാണ് ബ്രഹ്മോസിന്റെ ഈ പുതിയ പതിപ്പിന്റെ പ്രത്യേകത. തദ്ദേശീയ ഉള്ളടക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പടിയാണിത് എന്ന് പരീക്ഷണത്തിന് ശേഷം കേന്ദ്രസർക്കാർ പറഞ്ഞു.

പരീക്ഷണം നടത്തിയത് ഡി.ആര്‍.ഡി.ഒയുടെ പിജെ-10 പദ്ധതിക്ക് കീഴിലാണ്. വിക്ഷേപണം നടന്നത് ഒഡീഷയിലെ കേന്ദ്രത്തില്‍ നിന്നാണ്. ഒരു തദ്ദേശീയ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു മിസൈലിന്റെ വിക്ഷേപണം. പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞര്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ.ജി.സതീഷ് റെഡ്ഡിയും അഭിനന്ദനം അറിയിച്ചു.

ഈ മിസൈലുകളുടെ പ്രത്യേകത എന്തെന്നാൽ വിമാനവാഹിനികള്‍ പോലുള്ള സുപ്രധാന യുദ്ധകപ്പലുകള്‍ തകര്‍ക്കാൻ ഇവക്ക് കഴിയും. ഇതുകൂടാതെ ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ പറന്നെത്താനും സാധിക്കുന്നവയാണ് ഈ മിസൈലുകൾ. പരീക്ഷണം വിജയകരമായത് ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് വഴിയൊരുക്കിയെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയര്‍ഫ്രെയിമും ബൂസ്റ്ററുമുള്ള മിസൈലിന്റെ പുതിയ പതിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ ഒപ്പം കരയില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ഒരു റാംജെറ്റ്‌ സൂപ്പര്‍സോണിക് മിസൈലാണ് ബ്രഹ്‌മോസ്. റഷ്യയിലെ എന്‍.പി.ഒ.എമ്മിന്റേയും ഡിആര്‍ഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് മിസൈല്‍ വികസപ്പിച്ചെടുത്തത്.

Top