പാക്ക് ഭീകര ക്യാംപുകളും സൈനിക നീക്കവും ഇനി ഇന്ത്യൻ ഉപഗ്രഹ കണ്ണിൽ !

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ ഒന്നാം ലോഞ്ചിംഗ് പാഡില്‍ നിന്നാണ് വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള പിഎസ്എല്‍വി സി-46 റോക്കറ്റ് വിക്ഷേപിച്ചത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണെന്നും വ്യോമനിരീക്ഷണത്തിന് ഏറെ പ്രയോജനപ്പെടാന്‍ പോകുന്ന മികച്ച ഉപഗ്രഹമാണ് വിക്ഷേപിക്കാന്‍ പോകുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കിയിരുന്നു.

പിഎസ്എല്‍വിയുടെ 48-ാം ദൗത്യമാണിത്. റിസാറ്റ് പരമ്പരയില്‍ മുന്‍പ് വിക്ഷേപിച്ചിട്ടുള്ളവയേക്കാളും ഉയര്‍ന്ന ശേഷിയുള്ള ഉപഗ്രഹമാണ് റിസാറ്റ് 2-ബി. കാഴ്ചയില്‍ പഴയ ഉപഗ്രഹത്തോട് സാമ്യം തോന്നിയേക്കാമെങ്കിലും ഘടനയില്‍ ഏറെ മാറ്റങ്ങളുണ്ട്.

ഭീകരകേന്ദ്രങ്ങളും അറബിക്കടലിലെ പാകിസ്ഥാന്‍ യുദ്ധക്കപ്പലുകളുടെ നീക്കവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും നിരീക്ഷിക്കാന്‍ റിസാറ്റ് 2-ബി സഹായിക്കും.

Top