രണ്ടാഴ്ച പൂര്‍ത്തിയാക്കും മുന്‍പേ പ്രതികാരം തീര്‍ത്ത് ഇന്ത്യ . . .

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനും ജയ്ഷെ മുഹമ്മദിനും തക്കതായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാക്ക് ഇന്ന് ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടന്‍മാര്‍ പാലിച്ചിരിക്കുകയാണ്. ഫെബ്രവരി 14ന് പുല്‍വാലയിലേറ്റ മുറിവിന് കൃത്യം രണ്ടാഴ്ച തികയുന്നതിന് മുമ്പ് തന്നെ കനത്ത പ്രഹരമാണ് ഇന്ത്യ നല്‍കിയത്.

ഇന്ന് പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് പാക്കിസ്ഥാനിലെ പ്രാധനഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്.

പൂഞ്ച് മേഖലയ്ക്കപ്പുറത്ത് അതിര്‍ത്തി കടന്നാണ് ഇന്ത്യന്‍ വ്യോമസേന മിറാഷ് വിമാനങ്ങളില്‍ നിന്ന് ബോംബ് വര്‍ഷിച്ചതെന്നാണ് സൂചന. 1000 കി.ഗ്രാമില്‍ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പാക് മേഖലയില്‍ 300ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നാല് ഭീകര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.

മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.

ഇന്ത്യ വിട്ടയച്ച പാക്ക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001-ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടിലെ ജയ്ഷ് പരിശീലന ക്യാംപ്. ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ ഇന്ത്യക്കെതിരായ നിരവധി നീക്കങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാംപില്‍ നിന്നായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് ആയുധങ്ങള്‍ വര്‍ഷിച്ചുവെന്ന് പാക്കിസ്ഥാന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഏറെ വൈകിയും ഇന്ത്യ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചില്ല. ആക്രമണത്തിന്റെ വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചുവെന്നാണ് വിവരം. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാക്ക് പ്രത്യാക്രമണ സാധ്യത മുന്‍നിര്‍ത്തി വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തിയോടെ ചെറുക്കാനാണ് നിര്‍ദ്ദേശം.

Top