India strikes back, carries out surgical strikes on terror launch pads at LoC

ന്യൂഡല്‍ഹി : ഇന്ത്യാ-പാക്ചരിത്രത്തിലാദ്യമായി പാക്ക് മണ്ണില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ഞെട്ടി ലോകരാഷ്ട്രങ്ങള്‍.

ഇന്നലെ പുലര്‍ച്ചെ ഇന്ത്യ നടത്തിയ 6 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വന്‍ നാശനഷ്ടം പാക് ഭീകര ക്യാംപുകള്‍ക്കുണ്ടായതായാണ് പുറത്ത് വരുന്ന വിവരം.

നൂറു കണക്കിന് തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നത് മാത്രമല്ല ആക്രമണത്തില്‍ നിരവധി പാക് സൈനികരും കൊല്ലപ്പെട്ടുവെന്നത് പാക് സര്‍ക്കാരിനെയും സൈനിക മേധാവികളെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന് അമേരിക്കയും റഷ്യയും ചൈനയുമടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക് സൈന്യം അതിര്‍ത്തിയില്‍ നിരന്തരമായി സൈനിക പരിശീലനം നടത്തിവന്നിരുന്നു. എന്നാല്‍ ഈ പ്രതിരോധങ്ങളെയെല്ലാം തകര്‍ത്താണ് ഇന്ത്യ പാക്കിസ്ഥാനില്‍ കടന്നുകയറി കൊടുംനാശം വിതച്ചിരിക്കുന്നത്.

തുടര്‍ച്ചയായി ഇന്ത്യക്കെതിരായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സൈനിക ശക്തിയും ഭരണകൂടത്തിന്റെ ആര്‍ജ്ജവവും ചോദ്യം ചെയ്യപ്പെട്ടതിനാല്‍ അതിനുള്ള ശക്തമായ മറുപടി കൂടിയാണ് ഇപ്പോഴത്തെ തിരിച്ചടി.

പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ആ രാജ്യത്തെ തന്നെ നശിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സൈനിക സംവിധാനങ്ങള്‍ ഒരുക്കി നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം.

ഇന്ത്യയോടൊപ്പം ഉറച്ചുനിന്ന് പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌ക്കരിച്ച അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതുകൂടിയാണ് ഇപ്പോഴത്തെ സൈനിക നടപടി.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇന്ത്യയില്‍ ഭീകരരെ പറഞ്ഞ് വിട്ട് കൊടുംനാശം വിതക്കുന്ന പാക്കിസ്ഥാന്‍ ഇനി ഇത്തരം നടപടി ആവര്‍ത്തിച്ചാല്‍ തുടര്‍ന്നും ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കുമെന്ന് കൂടി സൈന്യം വ്യക്തമാക്കിയിരിക്കുകയാണ്.

ഇപ്പോഴത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കും പറഞ്ഞില്ലെങ്കിലും രണ്ട് പാക് പട്ടാളക്കാര്‍ മരിച്ചുവെന്ന് മാത്രമാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

കൂടുതല്‍ നാശനഷ്ടങ്ങള്‍ പുറംലോകം അറിഞ്ഞാല്‍ നാണക്കേടാവുമെന്നതിനാലാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പാക്കിസ്ഥാന്‍ പുറത്ത് വിടാതിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.ഇപ്പോഴത്തെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കരുത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഇന്ത്യ.

Top