പാക്കിസ്ഥാനെ കൂട്ടുപിടിച്ച് തുര്‍ക്കിയുടെ പ്രസ്താവന; അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ !

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനകളിറക്കുന്നത് തുര്‍ക്കിയുടെ പതിവ് ശീലമാണ്. ഇന്ത്യയുമായി നേരിട്ട് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും പാകിസ്ഥാന് വേണ്ടി ഇന്ത്യയ്ക്കെതിരെ പ്രസംഗിക്കുകയും, വോട്ടെടുപ്പിലടക്കം പക്ഷപാതം കാണിക്കുന്നതും തുര്‍ക്കി സ്ഥിരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇക്കുറിയും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ എര്‍ദോഗന്‍ കാശ്മീരിനെ കുറിച്ച് സംസാരിച്ചു.

കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചയിലൂടെയും പ്രസക്തമായ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിലും 74 വര്‍ഷമായി കശ്മീരില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് അനുകൂലമായി ഞങ്ങളുടെ നിലപാട് നിലനിര്‍ത്തുന്നു എന്നാണ് മുന്‍കൂട്ടി റെക്കാഡ് ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം പ്രസ്താവിച്ചത്. എന്നാല്‍ ഇത്തവണ തുര്‍ക്കിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. പ്രധാനമന്ത്രി അമേരിക്കയില്‍ എത്തുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പേ ന്യൂയോര്‍ക്കിലെത്തിയ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി ജയ്ശങ്കര്‍ സൈപ്രസ് വിദേശകാര്യ സഹമന്ത്രി നിക്കോസ് ക്രിസ്റ്റോഡൂലൈഡിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം നടത്തിയ ട്വീറ്റ് തുര്‍ക്കിക്ക് നേരെ ലക്ഷ്യം വച്ചുള്ളതാണ്.

സൈപ്രസിലെ യുഎന്‍ പ്രമേയങ്ങളെ തുര്‍ക്കി ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഇത് കൂടാതെ സൈപ്രസുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ ഊഷ്മളമാക്കുമെന്നും ഉറപ്പ് നല്‍കി. ഗ്രീക്ക് സര്‍ക്കാരിന്റെ പിന്തുണയുള്ള സൈപ്രസ് ദ്വീപില്‍ തുര്‍ക്കിയുടെ ഇടപെടലില്‍ രാജ്യം രണ്ട് ഭരണസംവിധാനങ്ങളായിരുന്നു. ഇതില്‍ നോര്‍ത്ത് സൈപ്രസിനെ തുര്‍ക്കി അംഗീകരിച്ചു.

എന്നാല്‍ ഗ്രീക്ക് പിന്തുണയുള്ള സൈപ്രസ് റിപ്പബ്ലിക്കിനാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ളത്. ഇതിനെ കാശ്മീരിനെ കുറിച്ച് പരാമര്‍ശിച്ച തുര്‍ക്കിക്കുള്ള മറുപടിയായി ഉയര്‍ത്തിക്കാട്ടാനാണ് ഇന്ത്യന്‍ ശ്രമം. കശ്മീരിന് പുറമേ തന്റെ പ്രസംഗത്തില്‍ എര്‍ദോഗന്‍ ചൈനയിലെ സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ മുസ്ലീങ്ങളെയും മ്യാന്‍മറിലെ റോഹിംഗ്യകളെയും പരാമര്‍ശിച്ചിരുന്നു. ചൈനയുടെ കാഴ്ചപ്പാടില്‍, മുസ്ലീം ഉയ്ഗൂറുകളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Top