പ്രചാരണത്തിന് തുടക്കമിട്ട് ‘ഇന്ത്യ’; രാഹുലിനൊപ്പം കൈ കോർത്ത് നേതാക്കൾ, വിട്ടുനിന്ന് ഇടതുപക്ഷം

 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 63 ദിവസം നീണ്ട ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനവേദിയായ മുംബൈയിലെ ശിവജി പാർക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രതിപക്ഷ ഇന്ത്യ മുന്നണി. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം വേദിയിൽ അണിനിരന്നപ്പോൾ ഇടതുനേതൃത്വം മാത്രം വിട്ടു നിന്നു. എല്ലാവരും കൈകോർത്തു പിടിച്ച് മുദ്രാവാക്യം വിളിച്ചതോടെ ഭാരത് ജോഡോ യാത്രയുടെ സമാപനവേദി ഇന്ത്യ മുന്നണിയുടെ ഐക്യവേദിയായി മാറി.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെ, എൻസിപി(എസ്പി) വിഭാഗം നേതാവ് ശരദ് പവാർ, എഎപി നേതാവ് സൗരഭ് ഭരദ്വാജ്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

മുബൈയിൽ എത്തിയ ഭാരത് ജോഡോ യാത്ര എത്രയും പെട്ടെന്ന് രാജ്യതലസ്ഥാനം പിടിച്ചെടുക്കുമെന്ന് എം.കെ.സ്റ്റാലിൻ പറഞ്ഞു. 400 സീറ്റുകൾ നേടുമെന്നാണ് ബിജെപി പറയുന്നതെന്നും ഭരണഘടന തിരുത്തുകയാണ് അവർ അതിലൂടെ ലക്ഷ്യമിടുന്നതെന്നും മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടു. ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലേക്ക് രാജ്യം തിരിച്ചുവരണമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ബ്രിട്ടിഷുകാരോട് രാജ്യം വിട്ടു പോകാൻ മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടത് ഈ നഗരത്തിൽ വച്ചാണ്. ഇതേ നഗരത്തിൽവച്ച് മോദിയോട് അധികാരത്തിൽനിന്ന് പുറത്തുപോകാനും ആവശ്യപ്പെടുന്നെന്ന് ശരദ് പവാർ പറഞ്ഞു. ആരൊക്കെ പോയാലും ഇന്ത്യ സഖ്യത്തെ തകർക്കാനാകില്ലെന്ന് നിതീഷ് കുമാറിനെ ഉന്നം വച്ച് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. ഇവിടെ ഒത്തുകൂടിയിരിക്കുന്നത് മോദിയെ പരാജയപ്പെടുത്താനല്ലെന്നും മോദിയുടെ വിഭജന പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കാനാണെന്നും തേജസ്വി പറഞ്ഞു.

Top