india stage 6th implement 2020

ചെന്നൈ: വാഹനങ്ങളിലെ പുക നിയന്ത്രിക്കുന്നതിനുള്ള ഭാരത് സ്റ്റേജ്-6 നിബന്ധന 2020ല്‍ നടപ്പാകും. എസ്‌യുവി വാഹനങ്ങള്‍ക്കു മാത്രമല്ല, നിബന്ധന നിലവില്‍ വരുന്നതോടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കും വില ഉയരും. റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ടനുസരിച്ച് സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും 5000 മുതല്‍ 6000 രൂപ വരെ വര്‍ധിച്ചേക്കും.

ഇപ്പോള്‍ ബിഎസ്-3 നിബന്ധന അനുസരിച്ചാണ് ഇന്ത്യയിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ഇത് ബിഎസ് നാലിലേക്ക് മാറ്റും. 2020ല്‍ നിര്‍മിക്കുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ബിഎസ് ആറ് നിബന്ധന പാലിക്കുന്നതായിരിക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.

ബിഎസ്-6 നിബന്ധന പാലിക്കുമ്പോള്‍ പെട്രോള്‍ കാറുകള്‍ക്ക് 20,000-30,000 രൂപ വരെയും ഡീസല്‍ കാറുകള്‍ക്ക് 75,000 മുതല്‍ ഒരു ലക്ഷം രൂപ വരെയും വില കൂടും. ട്രക്കുകള്‍ക്കാവട്ടെ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ (ഇപ്പോഴത്തെ വിലയുടെ പത്തു ശതമാനം അധികം) വര്‍ധിക്കും.

പുതിയ വാഹനങ്ങള്‍ക്ക് ബിഎസ്-5 നിബന്ധന വേണമെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ലഭ്യമായ സാങ്കേതിവദ്യയില്‍ നിബന്ധനകള്‍ പാലിച്ച് വാഹനങ്ങള്‍ നിര്‍മിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഐസിആര്‍എ മേധാവി സുബ്രതാ റേ പറഞ്ഞു. എന്നാല്‍, ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രായോഗികമാക്കുക വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. മാത്രമല്ല, നിബന്ധനകള്‍ പാലിച്ച് വാഹനങ്ങള്‍ പുറത്തിറക്കുമ്പോള്‍ അതനുസരിച്ചുള്ള ഇന്ധനലഭ്യത ഉറപ്പാക്കേണ്ടതായി വരും. 2020ഓടെ ശുദ്ധമായ ഇന്ധനലഭ്യത രാജ്യത്ത് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഎസ് ആറിലേക്കുള്ള സാങ്കേതികവിദ്യ തയാറാക്കാന്‍ നാലു വര്‍ഷമാണ് കമ്പനികളുടെ മുമ്പിലുള്ളത്.

Top