ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്. രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓരോ മത്സരം വീതം വിജയിച്ച് ഇരു ടീമുകളും പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര ഇന്ത്യക്ക് മുന്നില്‍ അടിയറ വെക്കേണ്ടിവന്നതോടെ ടി-20 പരമ്പരയെങ്കിലും വിജയിക്കാനാണ് ശ്രീലങ്കയുടെ ശ്രമം.

അതേസമയം, 8 താരങ്ങള്‍ ഐസൊലേഷനിലും ഒരാള്‍ ക്വാറന്റീനിലുമായതോടെ ഒരു ബാറ്റ്‌സ്മാന്‍ കുറഞ്ഞ ഇന്ത്യക്ക് വിജയിച്ച് റെക്കോര്‍ഡ് നേടാനാവും ശ്രമം. ഇന്ന് രാത്രി 8 മണിക്ക് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.

ആകെ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ മാത്രമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. പഴകിയ പിച്ചില്‍ ബാറ്റിംഗ് വളരെ ദുഷ്‌കരമായിരുന്നു. 6 ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യ അവസാനം വരെ പൊരുതിയെങ്കിലും 4 വിക്കറ്റ് ജയം കുറിച്ച ശ്രീലങ്ക ഇന്നത്തെ കളിയിലും സമാന പ്രകടനത്തിനുള്ള ശ്രമത്തിലാണ്.

9 പേര്‍ ടീമില്‍ നിന്ന് പുറത്തായതോടെ കൃത്യം 11 പേരാണ് ഇന്ത്യയുടെ പ്രധാന ടീമില്‍ ബാക്കിയുണ്ടായിരുന്നത്. 5 നെറ്റ് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്രധാന ടീമില്‍ ഉള്‍പ്പെട്ടിരുന്ന നവദീപ് സെയ്‌നിയെത്തന്നെ ഇന്ത്യ ഫീല്‍ഡില്‍ ഇറക്കി. എന്നാല്‍, സെയ്‌നിക്ക് പരുക്ക് കാരണം ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല.

അതുകൊണ്ട് തന്നെ നെറ്റ് ബൗളര്‍മാരില്‍ ആരെയെങ്കിലും ഇന്ത്യ ഇന്ന് ടീമില്‍ പരിഗണിച്ചേക്കും. മലയാളി താരം സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ച് നെറ്റ് ബൗളര്‍മാരാണ് ഉള്ളത്. ഇവരില്‍ തന്നെ ഇഷാന്‍ പോറല്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍ ഐപിഎലിലെ തകര്‍പ്പന്‍ പ്രകടനം അര്‍ഷ്ദീപ് സിംഗിനും സാധ്യത നല്‍കും.

 

Top