ഇന്ത്യയ്ക്ക് മുന്‍പില്‍ ലങ്ക അടിയറവ് പറയുമോ ; ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനം ഇന്ന്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനം ഇന്ന്.

നാലാം ഏകദിനത്തിലും തകര്‍പ്പന്‍ ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. പരമ്പര കൈവിട്ട ലങ്ക ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്.

ലസിത് മലിങ്ക ലങ്കയെ നയിക്കുമെന്നാണ് സൂചന. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ലങ്കന്‍ പര്യടനത്തിലുടനീളം തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ടീം. മൂന്ന് ഏകദിനങ്ങളിലും ലങ്കന്‍ സ്‌കോര്‍ പിന്തുടര്‍ന്നായിരുന്നു ടീം ഇന്ത്യയുടെ ജയം.

ആദ്യ ഏകദിനം ഒമ്പത് വിക്കറ്റിന് ജയിച്ചപ്പോള്‍ തോല്‍വി വാതില്‍ക്കല്‍ എത്തിയ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കിയത് മൂന്ന് വിക്കറ്റിനായിരുന്നു.

കാന്‍ഡിയിലെ മൂന്നാം അങ്കത്തില്‍ പരമ്പര കൈപിടിയിലാക്കാമെന്ന മോഹത്തില്‍ എത്തിയ ലങ്കക്ക് വീണ്ടും ചുവട് പിഴച്ചു.

രോഹിത് ശര്‍മ്മയുടേയും മഹേന്ദ്രസിങ് ധോണിയുടേയും ഗംഭീര കൂട്ടുകെട്ടില്‍ ഇന്ത്യ സ്വന്തമാക്കിയത് ആറ് വിക്കറ്റ് ജയമായിരുന്നു.

പരമ്പര സ്വന്തമാക്കിയതിനാല്‍ ഇനിയുളള രണ്ട് മത്സരങ്ങളിലും ഇന്ത്യ പരീക്ഷണത്തിന് മുതിരുമെന്നാണ് സൂചന. ഇതുവരെ അവസരം ലഭിക്കാത്ത പലതാരങ്ങള്‍ക്കും അന്തിമ ഇലവനില്‍ ഇടം നല്‍കിയേക്കും.

എന്നാല്‍, ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ട നിരാശയിലാണ് ലങ്ക. കാണികള്‍ക്ക് മുന്നില്‍ നാണം കെട്ട സങ്കടവും ലങ്കന്‍ ടീമിന് സമ്മര്‍ദ്ദം കൂട്ടും.

ഇനിയുളള രണ്ട് മത്സരങ്ങളും ജയിച്ച് മുഖം മിനുക്കലാണ് ടീം ലക്ഷ്യമിടുന്നത്. ഭേദപ്പെട്ട തുടക്കം കിട്ടിയിട്ടും മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനാവാത്തതാണ് ലങ്കക്ക് വിനയാകുന്നത്.

അഖില ധനഞ്ജനയുടെ സ്പിന്‍ മികവ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ലങ്കയെ തുണച്ചിരുന്നു.

Top