ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം

കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകും.

ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം തേടിയാണ് ദിനേശ് ചന്‍ഡിമാലിന്റെ നേതൃത്വത്തിലുള്ള ലങ്കന്‍ സംഘം ഇന്ത്യയിലെത്തിയിരിക്കുന്നത്. അതേസമയം വിജയപരമ്പര തുടരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ രാവിലെ 9.30 ന് മത്സരം ആരംഭിക്കും.

തുടര്‍ച്ചായ ഒമ്പതാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം. 2015-ല്‍ തുടങ്ങിയ വിജയപരമ്പര തുടരുക. അന്ന് ലങ്കയ്‌ക്കെതിരെ പരമ്പര നേടിയാണ് ഇന്ത്യ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്. പിന്നീട് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, വിന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയായിരുന്നു ടെസ്റ്റ് പരമ്പര വിജയം.

ഈ വര്‍ഷം നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ സമ്പൂര്‍ണ ജയമാണ് കോഹ്ലിയും സംഘവും നേടിയത്. ജൂലൈ-സെപ്തംബര്‍ മാസങ്ങളിലായി നടന്ന പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 യും ഇന്ത്യ ജയിച്ചു.

Top