ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പര: ധവാൻ നയിക്കും, സഞ്ജു ടീമില്‍

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിൽ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. മടങ്ങി എത്തുന്ന ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (WK), സഞ്ജു സാംസൺ (WK), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടംനേടി.

ജൂലൈ 22 ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഏകദിനത്തിന് ശേഷം കരീബിയൻ ദ്വീപുകളിലും അമേരിക്കയിലും വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങൾ ഇന്ത്യ കളിക്കും. അതിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം, ഇന്ത്യയെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനാകും ശിഖർ ധവാൻ. കെഎൽ രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ എന്നിവർക്ക് ക്യാപ്റ്റൻസിയുടെ ചുമതല സെലക്ടർമാർ നൽകിയിട്ടുണ്ട്.

Top