പ്രതിരോധമേഖലയിലെ നവീകരണത്തിനായി ഇന്ത്യ ചെലവിട്ടത് 2.37 കോടി ലക്ഷം

ന്യൂഡല്‍ഹി:സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 2.37 ലക്ഷം കോടി രൂപ എന്ന് റിപ്പോര്‍ട്ട്. രാജ്യസഭയില്‍ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി സേനകള്‍ക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ള 149 പ്രതിരോധ ഇടപാടുകളിലാണ് ഒപ്പുവയ്ക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. 91 കരാറുകള്‍ ഇന്ത്യന്‍ കമ്പനികളുമായും 58 കരാറുകള്‍ വിദേശ കമ്പനികളുമായും ആയിരുന്നു.

2016-17 സാമ്പത്തിക വര്‍ഷം 69,280.16 കോടി, 2017-18 വര്‍ഷത്തില്‍ 72,732.28 കോടി എന്നിങ്ങനെയാണ് കേന്ദ്രം ചെലവഴിച്ചിട്ടുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 75,900.54 കോടി രൂപ ചെലവഴിക്കും. മെയ് മാസം വരെ 19,560.27 കോടി ഇതുവരെ ചെലവഴിച്ചുകഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

സേനകള്‍ക്കായി പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിയും പഴയവ പുതുക്കിയും ആധുനിക വത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.

Top