ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലേക്ക് ; ടീസര്‍ പുറത്ത്

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് വിപണിയിലേക്ക് ഉടന്‍ എത്തും. ആള്‍ട്രോസിനെ കൊണ്ടുവരുന്ന തീയ്യതി ടാറ്റ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കാറിന്റെ വരവ് മുന്‍നിര്‍ത്തി ആള്‍ട്രോസിനായി പുതിയ വെബ്സൈറ്റുതന്നെ കമ്പനി തുറന്നുകഴിഞ്ഞു. ഇപ്പോള്‍ ആള്‍ട്രോസിന്റെ ഔദ്യോഗിക ടീസറും പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ.

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യമാണ് ആള്‍ട്രോസിന്. ആള്‍ട്രോസിന്റെ രൂപത്തിലും ഭാവത്തിലും ആധുനികത്തനിമ തെളിഞ്ഞു കാണാം. ഗ്രില്ലിലേക്ക് ചേര്‍ന്നണയുന്ന ഹെഡ്‌ലാമ്പുകള്‍ കാറിന് ഗൗരവം പകരുന്നു. താഴെ ബമ്പറിലാണ് വലിയ ഫോഗ്ലാമ്പുകള്‍. പിറകില്‍ ബൂട്ട് ലിഡിന് മുകളിലേക്ക് കറുപ്പിനാണ് പ്രാതിനിധ്യം. ഇരുണ്ട എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്കും കറുപ്പഴക് പശ്ചാത്തലമേകും. ഹാരിയറിന്റെ ഡിസൈന്‍ ശൈലി ആള്‍ട്രോസിലേക്കും പകര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സ്റ്റീരിയോ സ്പീക്കറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ആറു എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങളെല്ലാം ആള്‍ട്രോസിലുണ്ടാവും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യഘട്ടത്തില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമേ ആള്‍ട്രോസിലുണ്ടാവുകയുള്ളൂ. നെക്‌സോണില്‍ തുടിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ആള്‍ട്രോസില്‍ സാധ്യത കൂടുതല്‍. 108 bhp കരുത്തും 260 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Top