ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍

ന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ മോശം റെക്കോര്‍ഡ് തിരുത്താനാകും ടീം ഇന്ത്യ ശ്രമിക്കുക.

മൊഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ് ധോണി, വിരാട് കോലി തുടങ്ങിയ താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കിലും പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. 31 വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് രോഹിതും സംഘവും. അതേസമയം മഴ വില്ലനാകുമോയെന്ന സംശയവും ഉയരുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് തോല്‍വിക്ക് ശേഷം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സീനിയര്‍ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കരുത്ത് പകരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എട്ട് ടെസ്റ്റ് പര്യടനങ്ങളാണ് ടീം ഇന്ത്യ കളിച്ചിട്ടുള്ളത്. ഏഴിലും ഇന്ത്യ തോറ്റു.

Top