ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; സഞ്ജു സാംസണ്‍ മധ്യനിരയില്‍ ഇറങ്ങും

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ആണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

നാലുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു ഏത് പൊസിഷനില്‍ ഇറങ്ങുമെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. എന്നാല്‍ ഏകദിന സ്‌ക്വാഡില്‍ സഞ്ജു സാംസണിന്റെ റോളിന്റെ കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍.

ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു മധ്യനിരയില്‍ ഇറങ്ങുമെന്നാണ് കെ എല്‍ രാഹുല്‍ വ്യക്തമാക്കിയത്. ‘ഈ പരമ്പരയില്‍ സഞ്ജുവിന് നിര്‍ണായക റോളുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ മധ്യനിരയിലാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. അവന്‍ അഞ്ചാമതോ ആറാമതോ ഫിനിഷറായിട്ട് ഇറങ്ങും. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ റോള്‍ അതാണ്’, രാഹുല്‍ പറഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘വിക്കറ്റ് കീപ്പറായി സഞ്ജു ഉണ്ടാകില്ല. ഞാനാവും വിക്കറ്റ് കീപ്പറാവുക. എന്നാല്‍ സാഹചര്യം ഉണ്ടായാല്‍ ആ റോളും സഞ്ജുവിന് നല്‍കും’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ടി20 ക്രിക്കറ്റില്‍ തിളങ്ങിയ റിങ്കു സിങ്ങിനും പരമ്പരയില്‍ അവസരം നല്‍കുമെന്ന് കെ എല്‍ രാഹുല്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറേ കാലങ്ങളായി സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമില്‍ താരം അവഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച അവസരമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.

Top