ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 നാളെ കാര്യവട്ടത്ത്

തിരുവനന്തപുരം:കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് നടക്കാൻ പോകുന്നത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20യ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായി. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടത്ത് നടക്കുന്നത്. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. ഇരു ടീമുകളും രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് ഇരു ടീമുകള്‍ക്കും നൽകിയത്.

കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തില്‍ പങ്കാളിയാവാന്‍ ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുമുണ്ടാവും. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുത്തെത്തുന്ന ഗാംഗുലി സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്‌നുമായി സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാംഗുലി സംസാരിക്കും.

അതേസമയം, ടീം ഇന്ത്യ വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. പരിശീലനം രാത്രി എട്ടുവരെയായിരിക്കും. നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലുവരെയാണ് ദക്ഷിണാഫ്രിക്കയുടെ പരിശീലനം. പരിശീലനത്തിന് മുമ്പ് ക്യാപ്റ്റന്‍ തെംപ ബാവുമയും മാധ്യമങ്ങളെ കാണും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍.

Top